തിരുവനന്തപുരം > യുവസംവിധായക നയന സൂര്യയുടെ മരണത്തിലെ ദുരൂഹത നീക്കാൻ കേസ് പുനഃപരിശോധിക്കുന്നു. സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജുവിന്റെ നിർദേശപ്രകാരം ഡിസിആർബി അസി. കമീഷണർ ജെ കെ ദിനിൽ അന്വേഷണമാരംഭിച്ചു. അസി. കമീഷണറുടെ നിർദേശപ്രകാരം കേസിൽ പുനരന്വേഷണം വേണമോ എന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകും.
യുവസംവിധായിക നയനസൂര്യയുടെ മരണം ദുരൂഹമെന്ന് സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. നയനയുടെ കഴുത്തിലെ ക്ഷതമാകാം മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഭാഗം പോലീസ് റിപ്പോർട്ടിൽ ഇല്ലെന്നതാണ് മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു. നയനയുടെ അടിവയറ്റിൽ മർദനമേറ്റിരുന്നതായുള്ള ഭാഗവും ഗൗരവമായി പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്. കേസിൽ തുടർ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് സുഹൃത്തുക്കൾ കമീഷണറെ സമീപിച്ചത്.
2019 ഫെബ്രുവരി 24-നാണ് തിരുവനന്തപുരം ആൽത്തറയിലെ വാടകവീട്ടിൽ നയനസൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. എന്നാൽ, മൃതദേഹപരിശോധനയിൽ നയനയുടെ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. കൂടാതെ അടിവയറ്റിൽ മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിട്ടും പൊലീസ് ഗൗരവമായെടുത്തില്ലെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു. കഴുത്ത് ഞെരിഞ്ഞതാകാം മരണകാരണമെന്ന് പറയുന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കഴുത്തിന് ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ടെന്നുമുണ്ട്.
ഇടതു അടിവയറ്റിൽ ചിവിട്ടേറ്റുപോലുള്ള ക്ഷതം ഉണ്ട്. ഇതിന്റെ ആഘാതത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായി. ക്ഷതമേറ്റാണ് പാൻക്രിയാസ്, വൃക്ക എന്നീ അവയവങ്ങളിൽ രക്തസ്രാവം ഉണ്ടായത്. പ്ലീഹ ചുരുങ്ങുകളും പൊട്ടുകളും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന നയന ആത്മഹത്യ ചെയ്തതാവാം എന്നായിരുന്നു പൊലീസ് നിഗമനം. പ്രമേഹ രോഗിയായ നയനയുടെ ഷുഗർ താഴ്ന്ന് മുറിക്കുള്ളിൽ കുഴഞ്ഞുവീണ് പരസഹായം കിട്ടാതെ മരിച്ചതാകാമെന്ന നിഗമനവും പൊലീസിനുണ്ടായിരുന്നു.