തിരുവനന്തപുരം> സംസ്ഥാന സർക്കാർ അനുവദിച്ച ലീവ് സറണ്ടർ ആനുകൂല്യം സർവകലാശാലകൾ, സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന തദ്ദേശ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, വെൽഫയർ ബോർഡുകൾ തുടങ്ങിയ എല്ലായിടങ്ങളിലെയും ജീവനക്കാർക്കുകൂടി ബാധകമാക്കി ധനവകുപ്പ് ഉത്തരവിറക്കി.
നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ എന്നീ വിഭാഗങ്ങളെ മാത്രമായിരുന്നു സൂചിപ്പിച്ചത്.
ഇതിൽ വ്യക്തതവരുത്തിയാണ് പുതിയ ഉത്തരവ്. നടപ്പ് സാമ്പത്തിക വർഷത്തെ സറണ്ടർ ചെയ്യാവുന്ന ആർജിതാവധി (ഏൺഡ് ലീവ്) തുക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ലയിപ്പിക്കും. കോവിഡ് പ്രതിസന്ധിയിലെ വരുമാനത്തകർച്ചയെതുടർന്ന് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചിരുന്നു. ലാസ്റ്റ് ഗ്രേഡ്, മുൻസിപ്പൽ കണ്ടിജന്റ്, പാർടൈം കണ്ടീജന്റ് ജീവനക്കാർ, മന്ത്രിമാരുടെയും, പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയുമുൾപ്പെടെ പേഴ്സണൽ സ്റ്റാഫിലെ ഓഫീസ് അറ്റൻഡന്റ്, കുക്ക് തുടങ്ങിയവർക്ക് നേരത്തെ ലീവ് സറണ്ടർ അനുവദിച്ചിരുന്നു.