ന്യൂഡല്‍ഹി> കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. നോട്ട് നിരോധനത്തിൽ കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാമെന്ന് ഭൂരിപക്ഷവിധിയിൽ പറഞ്ഞു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് ഗവായ് ആണ് ഭൂരിപക്ഷ വിധി വായിച്ചത്. ആര്‍ബിഐയുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് ഗവായ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് പ്രസക്തമല്ല. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരമെന്നും ഗവായ് വിധിയില്‍ പറഞ്ഞു
അതേസമയം, വിഷയത്തില്‍ ഭിന്നവിധിയാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് നാഗരത്ന പുറപ്പെടുവിച്ചത്. ഗവായിയുടെ വിധിയില്‍ വിയോജിപ്പുണ്ടെന്ന് പറഞ്ഞ നാഗരത്ന, നടപടിക്രമങ്ങള്‍ പാലിച്ചെന്ന വിധിയോട് യോജിപ്പില്ലെന്നും പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണമായിരുന്നു എന്നും വ്യക്തമാക്കി. പാർലമെൻറിനെ ഒഴിച്ചുനിർത്തിയുള്ള നടപടി ആശ്വാസ്യമല്ല. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്ന് നാഗരത്നയുടെ വിധിയില്‍ പറയുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ് ബാങ്കിനാണെന്നും നാഗരത്നയുടെ വിധിയില്‍ വിശദീകരിച്ചു
ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.58 ഹർജികളാണ് പരിഗണിച്ചത്. 2016 നവംബർ 8നാണ് രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകൾ മോഡിസർക്കാർ നിരോധിച്ചത്.