ശിവഗിരി
ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നായകർ കാലഘട്ടത്തിന്റെ ഭാഗമായി ഉയർത്തിയ വിപ്ലവകരമായ ആശയങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറ പാകിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നാടിനെ മുന്നോട്ട് നയിക്കുന്ന പ്രധാനപ്പെട്ട ചാലകശക്തിയായി നിലകൊള്ളാൻ ഗുരുവിന്റെ ആശയങ്ങൾക്ക് കെൽപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. 90–-ാമത് ശിവഗിരി തീർഥാടനത്തിന്റെ സമാപനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം വി ഗോവിന്ദൻ.
കേരളീയ സമൂഹത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക, വിജ്ഞാന സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുക തുടങ്ങി നിലവിലെ ഇടതുപക്ഷ സർക്കാർ മുന്നോട്ടുവച്ച പ്രധാനപ്പെട്ട മുദ്രാവാക്യങ്ങൾ ഗുരുവിന്റെ ദർശനവുമായി ലയിച്ചുചേരുന്നതാണ്. ഗുരു ഇന്ന് കേരളത്തിന്റെമാത്രം സ്വത്തല്ല. ജനാധിപത്യത്തെയും സാമൂഹ്യപുരോഗതിയെയും മനസ്സിൽ കൊണ്ടുനടക്കുന്ന ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ ആശയത്തിന്റെ ഊർജസ്രോതസ്സാണ്. നിരവധി മതതീർഥാടനങ്ങൾ ലോകത്ത് നടക്കുന്നുണ്ട്. ശിവഗിരി തീർഥാടനത്തിന്റെ ഏറ്റവും പ്രധാനകാര്യം അത് അറിവിന്റെ തീർഥാടനമാണ് എന്നതാണ്. അറിവ് സമ്പാദിക്കാനുള്ള തീർഥാടനമാണ് ഇവിടെ നടക്കുന്നത്. ഗുരു ദർശനം മനുഷ്യസമൂഹത്തിന്റെ വളർച്ചയിൽ ഊന്നിയതാണ്. ജാതി, മത, ലിംഗ ഭേദമില്ലാതെ സർവമനുഷ്യരുടെയും ജീവിതത്തെ സുഖാനുഭൂതിയിലേക്ക് നയിക്കാൻ സാധിക്കുന്ന ഫലപ്രദമായ ആശയം മുന്നോട്ടുവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മനുഷ്യന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി പുതിയ ജീവിതത്തിലേക്ക് എങ്ങനെ നയിക്കാമെന്നതിനെ കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത്. സമൂഹത്തിന്റെ വളർച്ചയിൽ അത്യാവശ്യമുള്ള ഒന്നായിട്ടാണ് ആധുനികവൽക്കരണത്തെ ഗുരു കണ്ടത് ––എം വി ഗോവിന്ദൻ പറഞ്ഞു. ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷനായി. മന്ത്രി കെ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനംചെയ്തു. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനമാണ് ഞായറാഴ്ച സമാപിച്ചത്.