മതവിരുദ്ധവും വിശ്വാസവിരുദ്ധവുമായ ഒരു നിലപാടും സർക്കാരോ സിപിഐ എമ്മോ സ്വീകരിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി പൂന്തുറ പുത്തൻപള്ളി ജമാഅത്തിനു കീഴിലെ അറബിക് കോളേജിൽ എത്തിയപ്പോൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഭാരവാഹികളും അധ്യാപകരും ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘‘ പാഠ്യപദ്ധതിയുടെ കരട് ജനങ്ങൾക്കു മുന്നിൽ ചർച്ചയ്ക്കാണ് വച്ചത്. ജനങ്ങളുടെ അഭിപ്രായങ്ങളാണ് ഞങ്ങൾക്ക് വലുത്’’–- അദ്ദേഹംപറഞ്ഞു.
മാധ്യമങ്ങൾ വലിയ രീതിയിൽ ഈ ആശങ്ക ഉയർത്തിയിട്ടുണ്ടല്ലോ എന്ന സംശയത്തിന് , ‘‘മിക്ക മാധ്യമങ്ങളുടെയും പ്രചാരണ ലക്ഷ്യം സിപിഐ എമ്മിനെയും സർക്കാരിനെയും തകർക്കുക എന്നതാണ്. അവരുടെ വാർത്തകളെ കൃത്യമായി വിശേഷിപ്പിക്കേണ്ടത് നുണപ്രചാരണം എന്നാണ്.’’ –- എം വി ഗോവിന്ദൻ പറഞ്ഞു.
അറബിക് കോളേജിൽ നിന്ന് നേരെപോയത് പുത്തൻപള്ളിയിലെ ‘പ്രസാദം’ വീട്ടിലേക്ക്. ടെലിവിഷനിൽ മാത്രംകണ്ട് പരിചയമുള്ള നേതാക്കളും ദൃശ്യമാധ്യമങ്ങളുടെ കാമറകളും പടികയറി വരുന്നതുകണ്ടതോടെ ഗൃഹനാഥൻ ശശികുമാർ ഒന്നുപകച്ചു. കാര്യങ്ങൾ വിശദീകരിച്ചതോടെ അദ്ദേഹം വാചാലനായി.
അവിടെനിന്ന് അടുത്ത വീട്ടിലേക്ക്…ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ തുടങ്ങിയ നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായി.