പത്തനംതിട്ട > മല്ലപ്പള്ളി താലൂക്കിൽ കോമളം പാലത്തിന് സമീപം നടന്ന പ്രളയ പ്രതികരണ മോക്ക് ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കല്ലൂപ്പാറ സ്വദേശി ബിനു സോമൻ (34) ആണ് മരിച്ചത്. പ്രദേശത്തെ സന്നദ്ധ പ്രവർത്തകനായ ബിനുവിന് വെള്ളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തനം അനുകരിക്കുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും, വെള്ളത്തിൽ മുങ്ങുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ദേശീയ ദുരന്ത പ്രതികരണ സേനാ അംഗങ്ങൾ ഉടൻ തന്നെ രക്ഷപ്പെടുത്തുകയും, അടിയന്തിര വൈദ്യസഹായം നൽകുകയും ചെയ്തു. ഉടൻ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.