കൊച്ചി> ബിഇഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് ഷാജു ആന്റണി, ഡിസംബർ 31 ന് സർവ്വീസിൽ നിന്നു വിരമിക്കുന്നു. മുപ്പത്തി ആറ് വർഷത്തെ സേവനത്തിന് ശേഷം, ഫെഡറൽ ബാങ്ക് നടുമ്പാശ്ശേരി ശാഖയിൽ നിന്നാണ് ഷാജു ആന്റണി വിരമിക്കുന്നത്. 1986 ൽ തിരുവനന്തപുരം ജില്ലയിലെ തൊടിയൂർ ശാഖയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് കിഴുവില്ലം, പഴവങ്ങാടി, തലക്കളത്തൂർ ശാഖകളിൽ സേവനം അനുഷ്ടിച്ചു.
തൃശൂർ സെൻ്റ് തോമസ് കോളജിൽ നിന്നും ഫിസിക്സിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. ഉയർന്ന അക്കാദമിക് യോഗ്യതകളുടെയും ബാങ്കിംഗ് രംഗത്തെ അറിവുകളുടെയും പശ്ചാത്തലത്തിൽ മേൽ തസ്തികകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടും സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലറിക്കൽ തസ്തികയിൽ നിന്നു തന്നെയാണ് ഷാജു ആൻ്റണി വിരമിക്കുന്നത്.
ഏറെ നാളുകൾ ബിഇഎഫ്ഐ.യുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു. ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി, ബെഫി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള ഷാജു, നല്ല ഒരു വാഗ്മി കൂടിയാണ്. നിലവിൽ ബിഇഎഫ്ഐ.യുടെ സംസ്ഥാന പ്രസിഡണ്ടും കേന്ദ്ര കമ്മിറ്റി അംഗവുമാണ്. ഭാര്യ റോസ് ലി ജോസ്. എഞ്ചിനീയറിംഗ് ബിരുദധാരി അമ്മു, എംബിഎ വിദ്യാർത്ഥിനി അന്ന എന്നിവർ മക്കൾ. നെടുമ്പാശേരി പോസ്റ്റോഫീസിന് സമീപം ഡ്രീംസിലാണ് താമസം.