കണ്ണൂർ
അഖിലേന്ത്യാ ബീഡി വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) എട്ടാം ദേശീയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് കെ പി സഹദേവൻ പതാക ഉയർത്തി. കണ്ണൂർ പയ്യാമ്പലത്തെ എ കെ ജി, സി കണ്ണൻ സ്മൃതി മണ്ഡപങ്ങളിൽനിന്നാണ് പതാക കൊണ്ടുവന്നത്. സി കണ്ണൻ സ്മാരക മന്ദിരത്തിലെ ‘സി കണ്ണൻ നഗറി’ൽ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു. ജനവിരുദ്ധനയങ്ങൾക്കെതിരായ പോരാട്ടങ്ങൾ തളർത്താൻ തൊഴിലാളികളുടെ ഐക്യം തകർക്കാൻ കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കെ പി സഹദേവൻ അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ എം വി ജയരാജൻ സ്വാഗതം പറഞ്ഞു. സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഗായകസംഘത്തിന്റെ സ്വാഗതഗാനാലാപനത്തോടെയാണ് പ്രതിനിധികളെ ഹാളിലേക്ക് വരവേറ്റത്. ദിനേശ് കേന്ദ്രസംഘം ചെയർമാൻ എം കെ ദിനേശ്ബാബു, ബീഡിത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് പലേരി മോഹനൻ, ബീഡിത്തൊഴിലാളി യൂണിയൻ (എസ്ടിയു) സംസ്ഥാന പ്രസിഡന്റ് ടി കെ ഹുസൈൻ, ബീഡിത്തൊഴിലാളി യൂണിയൻ (എൻഎൽഒ) സംസ്ഥാന പ്രസിഡന്റ് പി വത്സരാജ് എന്നിവരും ഉദ്ഘാടനസമ്മേളനത്തിൽ സംബന്ധിച്ചു.
പ്രതിനിധി സമ്മേളനം സിഐടിയു പ്രസിഡന്റ് ഡോ. കെ ഹേമലത ഉദ്ഘാടനംചെയ്തു. 13 സംസ്ഥാനങ്ങളിൽനിന്നായി ആറുലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 300 പേർ പങ്കെടുക്കുന്നു. ഫെഡറേഷൻ ജനറൽ സെക്രട്ടറി ദേബാശിഷ് റോയി പ്രവർത്തന റിപ്പോർട്ട് അവതരപ്പിച്ചു. റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം പൊതുചർച്ച തുടങ്ങി. വൈകിട്ട് നാടൻപാട്ടും അരങ്ങേറി. വ്യാഴാഴ്ച പൊതുചർച്ചയ്ക്ക് മറുപടി, പുതിയ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് എന്നിവ നടക്കും.