തിരുവനന്തപുരം
പുനർഗേഹം പദ്ധതി ഗുണഭോക്താക്കൾക്കായി വില നിശ്ചയിച്ച ഭൂമി ഏറ്റെടുക്കാൻ 42.75 കോടി രൂപകൂടി അനുവദിക്കാൻ മന്ത്രിസഭാ യോഗം ധനവകുപ്പിനോട് നിർദേശിച്ചു. കൈമാറുന്ന ഭൂമിയുടെ വില താമസമില്ലാതെ വസ്തു ഉടമയ്ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാകും. 3805 കുടുംബത്തിന് വീട് നിർമാണത്തിന് ഭൂമി കണ്ടെത്തി വില നിശ്ചയിച്ചിട്ടുണ്ട്. 3271 പേർക്ക് ഭൂമി രജിസ്റ്റർ ചെയ്ത് ലഭിച്ചു. 1773 കുടുംബത്തിന് വീടായി. 390 കുടുംബത്തിന് ഫ്ലാറ്റും കൈമാറി. 1376 ഫ്ലാറ്റ് നിർമാണത്തിന് അനുമതിയായി. ഇതുവരെ 8675 വീട്ടുകാർ തീരത്തുനിന്ന് സുരക്ഷിത മേഖലയിലേക്ക് മാറിത്താമസിക്കാൻ സമ്മതം അറിയിച്ചു. ഇവരെ ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കുന്നു.
1432 കുടുംബത്തിന്റെ ഭൂമിക്ക് വില നിശ്ചയിച്ച തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 1005 പേർക്ക് ഭൂമി രജിസ്റ്റർ ചെയ്തു. കോഴിക്കോട്ട് 105 അപേക്ഷകർക്കും ഭൂമി ലഭ്യമാക്കി. തിരുവനന്തപുരത്ത് 490 വീട് നിർമിച്ചു. ആലപ്പുഴയിൽ 405 ഉം. നാലു സമുച്ചയത്തിലായാണ് 390 ഫ്ലാറ്റ് കൈമാറിയത്. ഏഴു സമുച്ചയത്തിലെ 784 ഫ്ലാറ്റ് നിർമാണം വിവിധ ഘട്ടത്തിൽ പുരോഗമിക്കുന്നു.
പുനർഗേഹം
വേലിയേറ്റരേഖയിൽനിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിത്താമസിപ്പിക്കുന്ന തീരമേഖലയിലെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിയാണ് പുനർഗേഹം. 18,685 കുടുംബത്തെ മാറ്റിപ്പാർപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതി അടങ്കൽ 2450 കോടി രൂപ. 1938 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും 1052 കോടി ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽനിന്നും നീക്കിവയ്ക്കുന്നു. കുടുംബത്തിന് മൂന്നു സെന്റുവരെ വാങ്ങാൻ ആറുലക്ഷം രൂപയും വീട് വയ്ക്കാൻ നാലുലക്ഷം രൂപയും സർക്കാർ നൽകുന്നു. ഭൂമിക്ക് രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കി.