കൊച്ചി
സംസ്ഥാനത്ത് അടുത്ത അധ്യയനവർഷവും പാഠപുസ്തകങ്ങള്‍ നേരത്തേ കുട്ടികളുടെ കൈകളിലെത്തും. പാഠപുസ്തക അച്ചടിക്ക് കെബിപിഎസിൽ ഒരുക്കങ്ങളായി. പാഠപുസ്തക വിതരണം മുൻവർഷങ്ങളിലേതുപോലെ ഇക്കുറിയും കാര്യക്ഷമമായി നടക്കും. അച്ചടി വൈകിയെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്ന് കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി (കെബിപിഎസ്) അധികൃതർ പറഞ്ഞു. ഫെബ്രുവരിയിൽ അച്ചടി തുടങ്ങിയാലും പ്രശ്നമുണ്ടാകില്ല. മെയ് പതിനഞ്ചോടെ വിതരണം പൂർത്തിയാക്കാനാകും.
തിരുവനന്തപുരത്തെ പാഠപുസ്തക ഓഫീസിൽനിന്നാണ് അച്ചടിക്ക് ഓർഡർ നൽകുന്നത്. 2024–-25 അധ്യയനവർഷത്തിൽ പാഠപുസ്തകങ്ങൾ മാറുകയാണ്. അതിനാൽ നിലവിലുള്ള സിലബസിൽ ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെ കണക്കെടുപ്പ് നടക്കുന്നതിനാലാണ് ഓർഡർ വൈകിയത്. മൂന്നുകോടിയിൽ താഴെ പുസ്തകങ്ങളാണ് ഓരോ വർഷവും വേണ്ടത്. നാല് മെഷീനുകളിൽ മൂന്നു ഷിഫ്റ്റിൽ ജീവനക്കാർ ജോലി ചെയ്താൽ ഒരാഴ്ചകൊണ്ട് അച്ചടി പൂർത്തിയാക്കാനാകുമെന്ന് കെബിപിഎസ് അധികൃതർ പറഞ്ഞു.