ന്യൂഡൽഹി
മുസ്ലിങ്ങൾക്കുനേരെ നിയമം ലംഘിച്ച് ആക്രമണങ്ങൾ നടത്താൻ കേന്ദ്ര ഭരണകക്ഷി എംപി ആഹ്വാനം ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ഇത്തരം പ്രസ്താവനകൾക്കെതിരെ സ്വമേധയ കേസെടുക്കുന്നതിനുപകരം ‘പരാതി’ കിട്ടിയാൽ നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് അധികാരികൾ. വിഷലിപ്തവും ഭീകരവുമായ വിദ്വേഷപ്രചാരണം നടത്തുന്നവർക്കുള്ള പരസ്യമായ രക്ഷാകർതൃത്വവും സംരക്ഷണവുമാണ് ഇത്.
ത്രിപുരയില് തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടണം
ത്രിപുരയിൽ ഭരണകക്ഷിയായ ബിജെപി, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഐ എമ്മിനും ഇതര പ്രതിപക്ഷകക്ഷികൾക്കും എതിരായി ആക്രമണങ്ങൾ വർധിപ്പിച്ചിരിക്കയാണ്. ബിജെപി സർക്കാരിന്റെ ഭീകരവാഴ്ച നശിപ്പിച്ച ജനാധിപത്യവും നിയമവാഴ്ചയും പുനഃസ്ഥാപിക്കണമെന്ന് സിപിഐ എമ്മും ഇതര ഇടതുപക്ഷ പാർടികളും കോൺഗ്രസും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഹസനമായി മാറാതിരിക്കാൻ തെരഞ്ഞെടുപ്പുകമീഷൻ ക്രിയാത്മക നടപടികൾ സ്വീകരിക്കണം–- പിബി വ്യക്തമാക്കി.
ഭീമ കൊറേഗാവ്:
എല്ലാവരെയും വിട്ടയക്കണം
ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത എല്ലാവരെയും നിരുപാധികം വിട്ടയക്കണം. ഭീമ കൊറേഗാവിൽ 2018 ജനുവരി ഒന്നിന് ജാതിസംഘർഷം ഉണ്ടായതിൽ പുണെയിൽനിന്ന് 30 കിലോമീറ്റർ അകലെ എൽഗാർ പരിഷത്ത് സംഘടിപ്പിച്ച പരിപാടിക്ക് പങ്കൊന്നുമില്ലെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മൊഴി നൽകിയത് പിബി ചൂണ്ടിക്കാട്ടി.
അന്തർ സംസ്ഥാന സഹകരണസംഘം ബിൽ–-2022 ഫെഡറലിസത്തിനും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുംനേരെയുള്ള കടന്നാക്രമണമാണ്. സഹകരണസംഘങ്ങൾ സംസ്ഥാന വിഷയമാണ്. സഹകരണസംഘങ്ങളുടെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്–- പിബി ചൂണ്ടിക്കാട്ടി. പാർടി കേന്ദ്ര കമ്മിറ്റിയുടെ അടുത്ത യോഗം ജനുവരി 28 മുതൽ 30 വരെ കൊൽക്കത്തയിൽ ചേരാനും തീരുമാനിച്ചു.