കൊച്ചി> ‘‘ഇന്നത്തെ ഗവർമെണ്ടിന് അവർ അധികാരത്തിൽ വന്ന് ആറുമാസം കഴിഞ്ഞിട്ടാണ്, മുൻ ഗവർമെണ്ടിനു നൽകിയ അതേ അപേക്ഷ ഞങ്ങൾ സമർപ്പിച്ചത്. ഏതാണ്ട് അരനൂറ്റാണ്ടോളം പഴക്കമുള്ള ഈ പ്രശ്നം ഇന്ന് ഇങ്ങനെ പരിഹരിക്കപ്പെടുമെന്ന് ആര് വിചാരിച്ചിരുന്നു?’’‐1958 ജനുവരി 28 ന്റെ ജനയുഗം പത്രത്തിൽ വക്കം അബ്ദുൾഖാദർ മൗലവിയുടെ മകൻ വക്കം അബ്ദുൽഖാദർ എഴുതി. രാജഭരണത്തെ വിമർശിച്ചതിന് 1910ൽ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് തിരികെ മൗലവിയുടെ അവകാശികൾക്ക് കൈമാറിയതിനെപ്പറ്റിയായിരുന്നു ലേഖനം. പത്രാധിപർ കെ രാമകൃഷ്ണ പിള്ളയെ നാടുകടത്തിയശേഷം പിടിച്ചെടുത്ത പ്രസ് അതുവരെ തിരികെ കൊടുത്തിരുന്നില്ല. 1957ൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയശേഷം 1958ൽ നടന്ന ആദ്യ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി ഇ എംഎസിൽ നിന്ന് പ്രസ് ഏറ്റുവാങ്ങിയത് വക്കം അബ്ദുൽഖാദറായിരുന്നു.
മൗലവിയുടെ നൂറ്റമ്പതാം ജന്മവാർഷികം ആചരിക്കുന്ന വേളയിൽ ഏറെ പ്രസക്തമാകുകയാണ് ചരിത്രം കുറിച്ച ആ സർക്കാർ നടപടി.
രാജഭരണം അവസാനിച്ച ശേഷം തിരുവിതാംകൂറിലും തിരു‐ കൊച്ചിയിലും മാറിമാറി വന്ന സർക്കാരുകൾക്കെല്ലാം പ്രസ് തിരികെ കിട്ടാൻ അപേക്ഷ നൽകിയിരുന്ന കാര്യം ലേഖനത്തിൽ പറയുന്നു. ‘ സ്വദേശാഭിമാനി പ്രസ് വീണ്ടെടുക്കാനുള്ള അപേക്ഷ അനുവദിക്കുക സാധ്യമല്ലെന്ന് ആവലാതിക്കാരെ അറിയിച്ചുകൊള്ളുന്നു’ എന്ന മറുപടിയാണ് ലഭിച്ചത്. പറവൂർ ടി കെ നാരായണപിള്ള, സി കേശവൻ, എ ജെ ജോൺ, പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദ മനോൻ എന്നീ അഞ്ച് കോൺഗ്രസ് നേതാക്കൾ ഈ കാലത്ത് തിരുവിതാംകൂറിലും തിരു‐കൊച്ചിയിലുമായി ഭരിച്ചിരുന്നു.
വക്കം അബ്ദുൾഖാദർ മൗലവിയും മകൻ വക്കം അബ്ദുൽഖാദറും
‘ജനകീയഭരണം നടപ്പിലായി ഈ നാട്ടിൽ പല മന്ത്രിസഭകൾ വന്നിട്ടും, കേരള സ്റ്റേറ്റിൽ ആദ്യമായി അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് ഗവർമെണ്ടാണ് ഈ കളങ്കത്തെ കഴുകിക്കളഞ്ഞതെന്ന വസ്തുത കേരളചരിത്രത്തിൽ എന്നല്ല ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ മായാതെ രേഖപ്പെട്ടുകിടക്കുമെന്ന് പറയേണ്ടതില്ല. മൗലവിയുടെ ത്യാഗപൂർണ്ണമായ സേവനങ്ങളെ ആദ്യമായി അംഗീകരിച്ചതും ശ്രീ ഇഎംഎസിന്റെ ഗവൺമെന്റാണെന്ന വസ്തുത വിസ്മരിക്കയില്ല’‐ മൗലവിയുടെ മകൻ അന്നെഴുതി.
മൗലവിയുടെ മകനായ അബ്ദുൾ ഖാദർ വക്കം അബ്ദുൽഖാദർ നിരൂപകനും ഗ്രന്ഥകാരനുമായിരുന്നു. മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിന്റെ അൽ അമീനിലടക്കം ജോലി ചെയ്തു. ഇരുപതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വദേശാഭിമാനി പത്രത്തിന്റെ ചരിത്രം പ്രമേയമാക്കി സ്വദേശാഭിമാനി എന്ന നാടകവും എഴുതി. സർക്കാർ കൈമാറിയ സ്വദേശാഭിമാനി പ്രസ് കുറച്ചുകാലം കൊല്ലത്ത് അദ്ദേഹം പ്രവർത്തിപ്പിച്ചിരുന്നു. 1976ൽ അന്തരിച്ചു.