തിരുവനന്തപുരം
പ്രസിഡന്റ് തുടരണമെന്ന ഒറ്റവരി പ്രമേയം പാസാക്കി കെപിസിസി ഡൽഹിയിലേക്ക് അയച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും തീരുമാനമാകാത്തതിൽ കെ സുധാകരന് അതൃപ്തി. താഴേത്തട്ടിലെ പുനഃസംഘടന കഴിഞ്ഞിട്ട് അധ്യക്ഷനെ പ്രഖ്യാപിക്കാമെന്ന നിലപാടാണ് ഹൈക്കമാൻഡിന്. അതുപോരെന്നാണ് സുധാകര പക്ഷത്തുള്ളവർ പറയുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവരും ഏതാനും എംപിമാരും ചേർന്ന് തന്നെ മാറ്റാനുള്ള നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണിത്.
അധ്യക്ഷനെ പ്രഖ്യാപിച്ചശേഷമേ താഴേത്തട്ടിലുള്ള പുനഃസംഘടന നടക്കൂവെന്ന സമ്മർദതന്ത്രമാണ് സുധാകരൻ പയറ്റുന്നത്. ബ്ലോക്ക് മുതൽ താഴേയ്ക്കുള്ള പുനഃസംഘടന തൽക്കാലം നടക്കില്ലെന്ന സൂചനയും നൽകുന്നുണ്ട്. ജില്ല–-ബ്ലോക്ക് തലങ്ങളിൽ യോഗം ചേർന്ന് പേരുകൾ നിർദേശിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും സുധാകരൻ അനങ്ങിയിട്ടില്ല.
താൻ മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരൻ ആവർത്തിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും വ്യക്തമാക്കി. എന്നാൽ, ജിം പ്രകടനത്തിലോ സുധാകരന്റെ വാക്കുകളിലോ അല്ല കാര്യമെന്നും ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടെന്നുമാണ് മറുപക്ഷത്തിന്റെ പ്രചാരണം. അടിക്കടി ആശുപത്രിയിലാകുന്നത് പ്രവർത്തനത്തെ ബാധിക്കുന്നു. പല പ്രസ്താവനകളും ദോഷം ചെയ്യുന്നു. നിർണായക സമയത്തൊന്നും പ്രതികരിക്കാനോ കോൺഗ്രസുകാരെ രംഗത്തിറക്കാനോ കഴിയുന്നില്ല. കണ്ണൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. തിരുവനന്തപുരത്ത് വരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കെപിസിസി അധ്യക്ഷൻ ഇങ്ങനെ പ്രവർത്തിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും എതിർപക്ഷം പറയുന്നു.
ഹൈക്കമാൻഡിന് എംപിമാർ അടക്കം നൽകിയ പരാതിയിലാണ് അധ്യക്ഷനെ പ്രഖ്യാപിക്കൽ നീളുന്നത്. ഡിസംബറിൽ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ആദ്യം പല നേതാക്കളും അറിയിച്ചിരുന്നത്.
രാജ്യസഭയിൽ
കയറിയത്
വി മുരളീധരനെ
കാണാനെന്ന്
രാജ്യസഭയിൽ പോയത് കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കാണാനെന്ന് കെ സുധാകരൻ. രാജ്യസഭയും ലോക്സഭയും ചിരപരിചിതമാണ്. പാർലമെന്റിൽ സഭ മാറിക്കയറിയെന്ന രീതിയിൽ വാർത്ത വന്നത് ജെബി മേത്തർ എംപിയുടെ ശ്രദ്ധക്കുറവ് കൊണ്ടാണെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ണൂരിലെ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുരളീധരനെ കാണാൻ പോയത്. ഡൽഹിയിൽ തണുപ്പാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം മാധ്യമങ്ങൾക്കുള്ള ഉചിതമായ മറുപടിയാണ്. നിങ്ങൾക്ക് ഇത്തരം മറുപടിയേ പറ്റൂവെന്നും സുധാകരൻ പറഞ്ഞു.