തിരുവനന്തപുരം
പുതുവർഷ ആഘോഷത്തിലെ ലഹരി ഉപയോഗം ഒഴിവാക്കാൻ കർശന നിരീക്ഷണവുമായി പൊലീസ്. എല്ലാ ജില്ലയിലും ആന്റി നർകോട്ടിക്സ് ടാസ്ക് ഫോഴ്സ് (എഎൻടിഎഫ്) രൂപീകരിച്ചു. ബീച്ച്, ഹോട്ടൽ, നൈറ്റ് ക്ലബ് എന്നിവിടങ്ങളിൽ മഫ്തിയിൽ പൊലീസുണ്ടാകും. ആഘോഷം തടസ്സപ്പെടാത്ത രീതിയിലാകും ഇടപെടൽ. ലഹരി ഉപയോഗവും വിൽപ്പനയും ശ്രദ്ധയിൽപ്പെട്ടാൽ നടപടിയുണ്ടാകും. ലഹരിയുടെ അളവും സ്വഭാവവും അനുസരിച്ചുള്ള ശിക്ഷ ഉറപ്പാക്കും.
തുറസ്സായ സ്ഥലങ്ങളിൽ രാത്രി 10 വരെയും അടച്ചിട്ട സ്ഥലങ്ങളിൽ രാത്രി 11 വരെയുമാണ് മൈക്കിന് അനുമതി. ബാറുകൾ സമയക്രമം കർശനമായി പാലിക്കണം. എല്ലാ ആഘോഷങ്ങളും രാത്രി 12.30ന് അവസാനിപ്പിക്കണം.
ഹോട്ടലുകളിൽ മയക്കുമരുന്ന് ഉപയോഗം നടത്തില്ലെന്ന് ഉടമകൾ ഉറപ്പാക്കണം. ഇവിടെ ആഘോഷത്തിൽ പങ്കെടുക്കുന്നവരുടെ വിവരം ശേഖരിക്കണം. സ്ത്രീകളുടെ സുരക്ഷയും ഉറപ്പാക്കണം. പ്രവേശന പാസിലും ടിക്കറ്റിലും നോ ടു ഡ്രഗ്സ് ക്യാമ്പയിനുമായി ബന്ധപ്പെട്ട എഴുത്തുണ്ടാകണം. ആക്ഷൻ പ്ലാൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.