മലപ്പുറം
സെവൻസ് മുതൽ ലോകകപ്പുവരെ ഇമ്പമുള്ള ഫുട്ബോൾ കഥകൾ. പറഞ്ഞുതീരാത്ത മൈതാന വിശേഷങ്ങളുമായി ഐ എം വിജയനും യു ഷറഫലിയും ഹബീബ് റഹ്മാനുമെല്ലാം വീണ്ടും കളംനിറഞ്ഞു. മലപ്പുറം മഹോത്സവത്തിലെ ‘കളിവർത്താനം’ കേൾക്കാൻ ആളുകളൊത്തുകൂടി. സദസിനെ ഒരിക്കൽക്കൂടി ഖത്തർ ഓർമകളിലേക്ക് വിമാനം കയറ്റി സ്പോർട്സ് ലേഖകൻ ആർ രഞ്ജിത് ചർച്ചയ്ക്ക് തുടക്കമിട്ടു. ലോകകപ്പ് ദേശാഭിമാനിക്കുവേണ്ടി റിപ്പോർട്ട് ചെയ്യാന്‍ പോയ ദിനങ്ങളിലെ കാഴ്ചകളും വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു. ‘സംഘാടനത്തിന്റെ സ്വർണക്കപ്പ് ഖത്തറിനെ അണിയിക്കാതെ വയ്യ. മലപ്പുറത്തേക്കാൾ ചെറിയ രാജ്യം വിമർശങ്ങളോട് പ്രതികരിക്കാതെ നടത്തിയ ഒരുക്കങ്ങളുടെ വിജയമാണത്. എട്ട് മൈതാനവും അതിമനോഹരം. കളികാണാൻ എത്തിയവരിൽ ഏറെയും മലയാളികളായിരുന്നു’ രഞ്ജിത് പറഞ്ഞു.
‘ജീവിതത്തിലുള്ളതെല്ലാം ഫുട്ബോളിലുണ്ട്. മനുഷ്യനൊപ്പം വളർന്നുവന്ന കളിയാണ് ഫുട്ബോൾ’–- ദേശാഭിമാനി മുൻ സ്പോർട്സ് എഡിറ്റർ എ എൻ രവീന്ദ്രദാസിന്റെ വാക്കുകളിലും കളിയെഴുത്തിലെ ചന്തംനിറഞ്ഞു. കളിക്കളത്തിനപ്പുറത്തെ ചരിത്രവും രാഷ്ട്രീയവും വേദി നിറഞ്ഞു. ‘സമൂഹത്തോട് ഇത്രമാത്രം ചേർന്നുനിൽക്കുന്ന വേറെന്തുണ്ട്? സന്തോഷവും ദുഃഖവും പ്രതിരോധവും ആക്രമണവും സ്വാതന്ത്ര്യ പ്രഖ്യാപനവും സംഘശക്തിയുമെല്ലാം കാണാനാകും. വികാര–-വിചാരങ്ങളെ കോർത്തുകെട്ടിയ പന്ത് എല്ലാ അതിരുകളുംതാണ്ടി. ലോകകപ്പിൽ ഫ്രാൻസിലൂടെ നടന്നതും ആഫ്രിക്കയുടെ പ്രകാശനമായിരുന്നു. യൂറോപ്പിൽ ഇത്രയധികം കുടിയേറ്റ കഥകളുള്ള മറ്റൊരു നാടുമില്ല’ വാക്കുകള്‍ ഒഴുകി.
ഖത്തർ ആവേശംതന്നെയായിരുന്നു മലയാളിയുടെ പ്രിയതാരം ഐ എം വിജയനും പറയാനുണ്ടായിരുന്നത്. ‘ആറ് ലോകകപ്പ് കണ്ടെങ്കിലും ഇതുപോലൊരു ഫൈനൽ കണ്ടിട്ടില്ല. മലയാളിയുടെ ലോകകപ്പായിരുന്നു ഖത്തറിലേത്. മെസി കപ്പുയർത്തുന്ന കാഴ്ച ലോകംമുഴുവൻ ആഗ്രഹിച്ചതാണ്’. അദ്ദേഹം പറഞ്ഞു.
ലോക നിലവാരവുമായി തട്ടിച്ചുനോക്കുമ്പോൾ ഫുട്ബോളിൽ നമ്മൾ ഏറെ പിറകിലാണ്. ലോക നിലവാരമുള്ള സംഘാടകരും ഫുട്ബോളിന്റെ വളർച്ചയിൽ ഏറെ പ്രധാനമാണെന്ന് യു ഷറഫലി. ‘സെവൻസിൽ ഒരാളെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുമ്പോൾവരെ ഡിമരിയയെ കയറ്റിയ സ്കലോണിയുടെ തീരുമാനംപോലെയായി എന്നാണ് ഇപ്പോൾ നാട്ടിലെ കമന്റ്’–- സൂപ്പർ അഷ്റഫ് പറഞ്ഞു. യു അബ്ദുൾ കരീം, പി ഹബീബ് റഹ്മാൻ, ഹമീദ് ടൈറ്റാനിയം, അൻവർ ടൈറ്റാനിയം, ഫിഫ റഫറി അബ്ദുൾ ഹക്കീം, സലിം വരിക്കോടൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സ്പോർട്സ് ജേർണലിസ്റ്റ് ജാഫർഖാൻ മോഡറേറ്ററായി. സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ സ്വാഗതം പറഞ്ഞു.