മലപ്പുറം
ചൊവ്വാഴ്ച എല്ലാ വഴികളും മലപ്പുറത്തേക്കായിരുന്നു. അവരിൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയുടെ പ്രതിഷേധമുണ്ടായിരുന്നു. മാനവസൗഹൃദത്തിന്റെ അതിരുകളില്ലാത്ത കഥപറയുന്ന നാടിനെ ചേർത്തുപിടിക്കുന്നവരുണ്ടായിരുന്നു. കാണാൻ കൊതിച്ച പരമ്പരാഗത കലകൾ കാണാൻ എത്തിയവരുണ്ടായിരുന്നു. ഉത്സവപ്പറമ്പിലെ ആൾക്കൂട്ടത്തിൽ ലയിച്ചും ആഘോഷങ്ങളിൽ ഒഴുകിയും ഗൗരവതരമായ സംവാദങ്ങളിൽ പങ്കാളികളായും മലപ്പുറം മഹോത്സവത്തെ ഹൃദയംകൊണ്ട് സ്വീകരിച്ചു എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയവരെല്ലാം. അവർ വിളിച്ചുപറഞ്ഞത് ഇതാണ് ഞങ്ങടെ മലപ്പുറം എന്നായിരുന്നു.
ദേശാഭിമാനി എൺപതാം വാർഷികാഘോഷം അടയാളപ്പെടുത്തുന്നത് യഥാർഥ മലപ്പുറത്തെയാണ്. ദേശീയതലത്തിൽ സംഘപരിവാർ മലപ്പുറം വിരുദ്ധ പ്രചാരണം നടത്തുമ്പോൾ പ്രതിരോധത്തിന്റെ മാധ്യമ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ദേശാഭിമാനി. അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ മലപ്പുറത്തിന്റെ സമ്പന്നമായ പൈതൃകത്തെയും പാരമ്പര്യത്തെയും ഉറപ്പിച്ചുപറയുന്നു. രാവിലെ ഉദ്ഘാടനത്തിനുശേഷം വിവിധ വേദികളിൽ കളംപാട്ട്, പൂതൻകളി, ഓണവില്ല്, വട്ടപ്പാട്ട്, പാക്കനാർ കോലങ്ങൾ, ദഫ്മുട്ട്, കോൽക്കളി, ഒപ്പന, നാടൻപാട്ട്, നാടകം, റാത്തീബ്, വട്ടമുടി, തിറ, ഗോത്രസ്മൃതി എന്നിവ അരങ്ങേറി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പാരമ്പര്യ കലാകാരന്മാരാണ് അവതരിപ്പിച്ചത്.
12 വേദികളിലായിട്ടായിരുന്നു സെമിനാറുകൾ. ഇ എം എസ്, എഴുത്തച്ഛൻ, മോയിൻകുട്ടി വൈദ്യർ, പൂന്താനം, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, കെ കുഞ്ഞാലി, പി എസ് വാരിയർ, ഡോ. പി കെ വാരിയർ, ക്യാപ്റ്റൻ ലക്ഷ്മി, ഇ കെ ഇമ്പിച്ചിബാവ, ഇന്റർനാഷണൽ മൊയ്തീൻകുട്ടി, കെ സെയ്താലിക്കുട്ടി എന്നിവരുടെ പേരുകളിലായിരുന്നു ഹാളുകൾ. ഡോ. എം ആർ രാഘവവാരിയർ, ഡോ. കെ എൻ ഹരിലാൽ, ഡോ. കെ എൻ ഗണേഷ്, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. സി രാജേന്ദ്രൻ, കെ വി അബ്ദുൾ ഖാദർ, ഡോ. പി പവിത്രൻ, ഡോ. പി ശിവദാസൻ, ഡോ. കെ എം അനിൽ, പി പി രാമചന്ദ്രൻ, ഡോ. ഷംസാദ് ഹുസൈൻ, വി പി മൻസിയ, സി കെ ഹേമലത തുടങ്ങി ചരിത്രകാരന്മാരും ഗവേഷകരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ സെമിനാറിനെ സമ്പന്നമാക്കി. വൈകിട്ട് ബഹുസ്വരതയും ജനാധിപത്യവും എന്ന വിഷയത്തിൽ സിമ്പോസിയവും ഖത്തർ ലോകകപ്പ് വിശേഷങ്ങളുമായി കളിവർത്താനവും അരങ്ങേറി.
എംഎസ്പി ഹയർ സെക്കൻഡറി സ്കൂൾ അങ്കണം ഉത്സവപ്പറമ്പുപോലെ അലങ്കരിച്ചു. പലയിടത്തായി ചരിത്രപരമായി പ്രാധാന്യമുള്ള ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. ദേശാഭിമാനിയുടെ പഴയ പത്രങ്ങളുടെ പ്രദർശനവും ആദിവാസി മേഖലയിലെ ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. ഒരുഭാഗത്ത് ചിത്രകാരന്മാർ തത്സമയം ചിത്രംവരച്ചു. പാരമ്പര്യ കലാകാരന്മാർ കളമെഴുതി.