തിരുവനന്തപുരം
ആദിവാസികൾക്ക് മാത്രമായുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച മുത്തു എന്ന ഉദ്യോഗാർഥിക്ക് ഉന്തിയ പല്ലുള്ളതിനാൽ അയോഗ്യനാക്കിയെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നത് വസ്തുതകൾ മറച്ചുവച്ച്. ഉന്തിയ പല്ലുള്ളവർക്ക് യൂണിഫോം തസ്തികകളിൽ ജോലി ലഭിക്കണമെങ്കിൽ സർക്കാർ നിയമന ചട്ടങ്ങളിൽ (സ്പെഷൽ റൂൾസ്) ഭേദഗതി വരുത്തണം.
നിയമന ചട്ടങ്ങളിൽ എല്ലാ യൂണിഫോം തസ്തികകൾക്കും ശാരീരിക വൈകല്യം സംബന്ധിച്ച അയോഗ്യത വ്യക്തമായി പറയുന്നു. കാഴ്ച വൈകല്യം, മുട്ടു തട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല്ല് (മുൻപല്ല്), ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരശേഷിയിലുമുള്ള കുറവുകൾ തുടങ്ങിയവ അയോഗ്യതയാണ്. ഇക്കാര്യം വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് എല്ലായിടത്തും ഈ നിയമം പ്രാബല്യത്തിലുണ്ട്. ശാരീരിക യോഗ്യതയും കണ്ണട കൂടാതെയുള്ള കാഴ്ച ശക്തിയും തെളിയിക്കുന്നതിന് സർക്കാർ സർവീസിലുള്ള അസി.സർജൻ അല്ലെങ്കിൽ ജൂനിയർ കൺസൾട്ടന്റിന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽനിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അസ്സൽ കായിക ക്ഷമതാ പരീക്ഷയുടെ സമയത്ത് ഹാജരാക്കണം. ഉന്തിയ പല്ലുകൾ എന്ന് മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയാൽ അയോഗ്യനാക്കാതെ പിഎസ്സിക്കു മറ്റു വഴികളില്ല. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കായികക്ഷമതാ ബോർഡാണ് പരിശോധന നടത്തുന്നത്.
2017ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് വനാന്തരങ്ങളിലും വനാതിർത്തിയിലും കഴിയുന്ന ആദിവാസികൾക്ക് മാത്രമായി പ്രത്യേക തെരഞ്ഞെടുപ്പ് നടത്തി പിഎസ്സി വഴി നിയമനം നൽകിത്തുടങ്ങിയത്. എഴുത്തുപരീക്ഷ ഒഴിവാക്കി ശാരീരികക്ഷമതയും മെഡിക്കൽ പരിശോധനയും നടത്തിയാണ് നിയമനം. പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലെ വനമേഖലകളിൽ കഴിയുന്ന 125 പട്ടികവർഗക്കാർക്ക് പൊലീസ്, എക്സൈസ് തസ്തികകളിൽ ഇതുവരെ നിയമനം നൽകി. വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 282 ആദിവാസിവിഭാഗക്കാരെ നിയമിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.