തലശേരി
ജനനേതാവിന്റെ മരണമില്ലാത്ത ഓർമകളുമായി കോടിയേരി വീട്. വീട്ടിലെ ഒരു മുറി നിറയെ കോടിയേരി ബാലകൃഷ്ണന്റെ സ്മരണ നിറച്ചിരിക്കുകയാണ് കുടുംബം. കോടിയേരി ഇരുന്ന കസേരയും എഴുതാനുപയോഗിച്ച മേശയും കിടന്ന കട്ടിലുമെല്ലാമുണ്ട്. ലഭിച്ച ഉപഹാരങ്ങളും ധരിച്ച വസ്ത്രങ്ങളും വായിച്ച പുസ്തകങ്ങളും. കോടിയേരിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും മിനി തിയറ്ററിൽ കാണാം. അലമാരകൾ നിറയെ കോടിയേരിയുടെ പുസ്തകങ്ങളാണ്. കട്ടിലിനരികെ ചുവരിൽ അമ്മയുടെ ഛായാചിത്രവും സ്റ്റുഡന്റ് മാസികയുടെ ‘ഒരേയൊരു കോടിയേരി’ കലണ്ടറും. വിവിധ സമ്മേളനങ്ങളിലെ ബാഡ്ജുകളും. അന്താരാഷ്ട്ര ചലച്ചിത്രോത്സവ പാസ്, വസ്ത്രങ്ങൾ, ചെരുപ്പുകൾ, പേനകൾ, കൈയെഴുത്ത് പ്രതികൾ… എല്ലാം ഇവിടെ നിധിപോലെ സൂക്ഷിച്ചിരിക്കുന്നു.
മികച്ച നിയമസഭാ സാമാജികനുള്ള ടി എം ജേക്കബ് പുരസ്കാരം, കേരളരത്ന പുരസ്കാരം, മികച്ച പൊതുപ്രവർത്തകനുള്ള ടി എ രാമദാസ് പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ, തൊഴിലാളികൾക്കും നേതാക്കൾക്കും രാഷ്ട്രപതിക്കും മുഖ്യമന്ത്രിമാർക്കുമൊപ്പമുള്ള അപൂർവ ഫോട്ടോകൾ. സംവിധായകൻ ജിത്തു കോളയാട് തയാറാക്കിയ ഡോക്യുമെന്ററി കോടിയേരിയുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ്. ജനനം മുതൽ കണ്ണീർക്കടലായ പയ്യാമ്പലംവരെയുള്ള യാത്ര. ‘‘ഒരു വിപ്ലവകാരി മരണപ്പെടുന്നതോടുകൂടി അയാൾ മറക്കപ്പെടുന്നില്ല, കൂടുതൽ ഊർജമായി നമ്മുക്കു മുന്നിൽ ഉയർന്നുനിൽകും’’–- ഡോക്യുമെന്ററി കണ്ടുകഴിയുമ്പോൾ കോടിയേരിയുടെ ഈ വാക്കുകൾ ഹൃദയത്തിൽ പതിയും.
ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഡോക്യുമെന്ററിയും പ്രദർശനവും കാണാനെത്തി. ഭാര്യ കമലയും ഒപ്പമുണ്ടായി. സ്പീക്കർ എ എൻ ഷംസീർ, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി സി കെ രമേശൻ, കാരായി ചന്ദ്രശേഖരൻ എന്നിവരും വീട്ടിലെത്തി.. ദിവസവും പകൽ 11 മുതൽ വൈകിട്ട് അഞ്ചുവരെ പൊതുജനങ്ങൾക്ക് കാണാൻ സൗകര്യമൊരുക്കിയതായി കുടുംബം അറിയിച്ചു.ഡോക്യുമെന്ററിയും പ്രദർശനവും വിപുലപ്പെടുത്തുമെന്നും കോടിയേരിയുടെ അർധകായ പ്രതിമ മുറിയിൽ സ്ഥാപിക്കും ബിനീഷ് കോടിയേരി പറഞ്ഞു.