ബംഗളൂരു
ശത്രുക്കളുടെ തലയരിയാന്‍ ഹിന്ദുക്കള്‍ വീട്ടിൽ ആയുധങ്ങള്‍ മൂർച്ച കൂട്ടി വയ്ക്കണമെന്ന് ആഹ്വാനംചെയ്ത് ബിജെപി എംപി പ്രഗ്യാസിങ് താക്കൂർ. “അഭിമാനത്തിനു നേർക്ക് ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാൻ ഓരോ ഹിന്ദുവിനും അവകാശമുണ്ട്.’ തീവ്രഹിന്ദുത്വസംഘടനയായ ഹിന്ദു ജാഗരണ വേദികെയുടെ ശിവമോഗയിലെ തെക്കന്‍മേഖലാ സമ്മേളനത്തിലാണ് എംപിയുടെ കലാപ ആഹ്വാനം.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത വംശീയവിദ്വേഷവും അവര്‍ ചൊരിഞ്ഞു. “അവർക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. ലൗ ജിഹാദിൽ ഏർപ്പെടുന്നവര്‍ക്ക് അതേ രീതിയിൽ മറുപടി നൽകണം. വീട്ടിലേക്ക് നുഴഞ്ഞുകയറുന്നവര്‍ക്ക് ചുട്ടമറുപടി നൽകേണ്ടത് നമ്മുടെ അവകാശമാണ്. പച്ചക്കറി അരിയുന്ന കത്തികൊണ്ട് തലയും അരിയാനാകും’ അവർ പറഞ്ഞു. മിഷനറി സ്ഥാപനങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നത് രാജ്യത്തിന്റെ സംസ്കാരം നഷ്ടപ്പെടുത്തുമെന്നും അവര്‍ പരിതപിച്ചു.
പത്തുപേരുടെ ജീവന് അപഹരിച്ച മലേഗാവ് സ്ഫോടന കേസിൽ പ്രതിയായ ഭോപാല്‍ എംപി പരസഹായമില്ലാതെ നടക്കാനാകില്ലെന്ന് അവകാശപ്പെട്ടാണ് കോടതിയില്‍നിന്ന് ജാമ്യംനേടിയത്. ഇവര്‍ കബഡി കളിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ത്ത മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കറെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്റെ ശാപംമൂലമാണെന്ന് പ്രഗ്യ അവകാശപ്പെട്ടിരുന്നു.