കൊച്ചി
പ്രത്യാശയുടെ നക്ഷത്രവിളക്കുകളും പ്രതീക്ഷയുടെ ക്രിസ്മസ് മരങ്ങളും മിഴിതുറന്നു. നാടെങ്ങും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ രണ്ട് ക്രിസ്മസ് കോവിഡ് നിയന്ത്രണങ്ങളുടേതായിരുന്നെങ്കിൽ ഇക്കുറി കൂട്ടായ്മയുടെ സന്തോഷത്തിലാണ് തിരുപ്പിറവി ആഘോഷങ്ങൾ. ബത്ലഹേമിലെ ഉണ്ണിയേശുവിന്റെ തിരുപ്പിറവിസ്മരണ പുതുക്കി ദേവാലയങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പാതിരാകുർബാനയിൽ പങ്കുകൊണ്ടു. സന്തോഷസൂചകമായി കേക്ക് മുറിച്ചു.
കാരൾ പര്യടനങ്ങളും തൊഴിലിടങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്രിസ്മസ് ആഘോഷങ്ങളും ഇക്കുറി പതിവിലേറെയായിരുന്നു. കേക്ക്, ട്രീ–-പുൽക്കൂട്–-അലങ്കാര വിപണികളും തിളങ്ങി. ക്രിസ്മസ് പപ്പായുടെ വേഷവിധാനങ്ങൾക്കും ആവശ്യക്കാരേറെയായിരുന്നു.