കണ്ണൂർ> ഒരു പറ്റം മാധ്യമങ്ങൾ സംസ്ഥാനത്തിന്റെ പൊതുവായ താൽപ്പര്യങ്ങൾക്ക് ഒപ്പമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിഷേധാത്മക നിലപാടിലേക്ക് എങ്ങനെ കാര്യങ്ങൾ എത്തിക്കാം എന്നാണ് കരുതുന്നത്. നാടിന് ഒരു ഗുണവും വന്നുകൂട എന്ന നിലയിലാണ് അവർ ചിന്തിക്കുന്നത്. മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾ പരിശോധനയ്ക്ക് വിധേയമാക്കണം. മാധ്യമങ്ങൾ സർക്കാറിനെ കണ്ണടച്ച് പിന്താങ്ങണമെന്നല്ല അർത്ഥമാക്കുന്നത്. തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിച്ച് തിരുത്തിക്കണം. നശീകരണ വാസന മാത്രം പ്രകടിപ്പിക്കുന്നത് നാടിന് ഗുണമല്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ നാടിന്റെ സർക്കാറാണെന്നും നിക്ഷ്പക്ഷമായി പ്രവർത്തിക്കുന്ന സർക്കാരാണ് കേരള സർക്കാർ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പക്ഷപാതിത്വപരമായി പ്രവർത്തിച്ചു എന്ന് പറയാൻ ആർക്കും കഴിയില്ല. നാടിന്റെ സന്തോഷത്തിനുതകുന്ന നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അത് തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.