കൊച്ചി
പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ ആക്രമണങ്ങളിലെ നഷ്ടപരിഹാരം ഈടാക്കാൻ സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ ജനുവരി പതിനഞ്ചിനകം പൂർത്തിയാക്കും. തുടർന്നുള്ള ഒരുമാസത്തിനകം എല്ലാ റവന്യു റിക്കവറി നടപടികളും പൂർത്തിയാക്കുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. നടപടി സംബന്ധിച്ച സത്യവാങ്മൂലവും സമർപ്പിച്ചു. ഹർജി 18ന് വീണ്ടും പരിഗണിക്കും.
സെപ്തംബർ 23ന്റെ ഹർത്താലിൽ വ്യാപക ആക്രമണങ്ങൾ അരങ്ങേറിയതോടെ സ്വമേധയാ എടുത്ത കോടതിയലക്ഷ്യമടക്കമുള്ള ഹർജികളാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി പി മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. നഷ്ടപരിഹാരം നിർണയിക്കാൻ ക്ലെയിം കമീഷണർ നടത്തുന്ന തെളിവെടുപ്പിന് എറണാകുളം ഗസ്റ്റ് ഹൗസിൽ കലക്ടർ അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. ആവശ്യമെങ്കിൽ മറ്റു കലക്ടർമാരുടെ സഹായവും തേടും.
ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചയില്ലെന്നും പൊതുതാൽപ്പര്യവിഷയങ്ങളിൽ കോടതിനിർദേശം നടപ്പാക്കാൻ അതോറിറ്റികൾക്ക് നിർദേശം നൽകുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ ഉറപ്പ് കോടതി രേഖപ്പെടുത്തി. നഷ്ടപരിഹാരത്തുകയായ 5.2 കോടി രൂപ പോപ്പുലർ ഫ്രണ്ടിൽനിന്നും ഭാരവാഹികളിൽനിന്നും ഈടാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.