വാഷിങ്ടൺ
ക്യാപിറ്റോൾ കലാപം സംഘടിപ്പിച്ചതിന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അധികാരത്തിൽനിന്നു വിലക്കണമെന്ന് യുഎസ് കോൺഗ്രസ് അന്വേഷണസമിതി ശുപാർശ ചെയ്തു.
ക്യാപിറ്റോൾ കലാപം ട്രംപിന്റെ അറിവോടെയും പിന്തുണയോടെയുമാണെന്ന് തെളിഞ്ഞതിനാൽ അധികാരസ്ഥാനങ്ങളിൽ എത്തുന്നത് വിലക്കണമെന്നാണ് ശുപാർശ. അന്വേഷണസമിതിയുടെ 845 പേജുള്ള പൂർണ റിപ്പോർട്ട് പുറത്തുവിട്ടു. 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റപ്പോൾ അധികാരം കൈവിടാതിരിക്കാൻ ട്രംപിന്റെ അനുയായികൾ യുഎസ് കോൺഗ്രസ് ആസ്ഥാനമായ ക്യാപിറ്റോളിൽ അതിക്രമിച്ച് കയറിയിരുന്നു. അക്രമാസക്തരും സായുധരുമായ അനുയായികൾക്ക് പ്രേരണയും പിന്തുണയും ട്രംപ് നൽകിയെന്നും ഇത് തെളിയിക്കാനാവശ്യമായ സാക്ഷിമൊഴികൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 17 മാസമായി നടന്ന അന്വേഷണത്തിനും തെളിവെടുപ്പിനും ഒടുവിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത വ്യക്തി കലാപത്തിനു നേതൃത്വം നൽകിയെന്ന് തെളിഞ്ഞാൽ അധികാരസ്ഥാനങ്ങളിൽനിന്നു വിലക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. കലാപം വൈറ്റ് ഹൗസിലെ ടിവിയിൽ കണ്ട ട്രംപ് അതു തടയാൻ ശ്രമങ്ങൾ നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.