കൊച്ചി > എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിലെ പുതിയ ലിഫ്റ്റ് ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഗണേശ് മോഹൻ അറിയിച്ചു. 20 വർഷം പഴക്കമുള്ള ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് മൃതദേഹം ചുമന്നിറക്കി എന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സൂപ്രണ്ടിന്റെ പ്രതികരണം.
പുതിയ ആധുനിക ലിഫ്റ്റ് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം സ്ഥാപിച്ചുകഴിഞ്ഞു. 2020 –-2 1 സാമ്പത്തികവർഷം മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ആരോഗ്യ കുടുംബക്ഷേമവകുപ്പിന് സമർപ്പിച്ച നിർദേശപ്രകാരം അനുവദിച്ച 1.65 കോടി രൂപ ഉപയോഗിച്ചാണ് 26 പേർക്ക് കയറാവുന്ന നാല് വലിയ ലിഫ്റ്റ് (സ്ട്രക്ചർ ഉൾപ്പെടെ കയറ്റാവുന്നത്) സ്ഥാപിച്ചിരിക്കുന്നത്. പണി പൂർത്തിയാക്കി പരിശോധനയും കഴിഞ്ഞു.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന പൂർത്തിയാക്കി ലൈസൻസ് ലഭിക്കാനുള്ള കാലതാമസം മാത്രമാണ് ഇനിയുള്ളത്. ഈ നടപടിയും അന്തിമഘട്ടത്തിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് ലഭിക്കുമെന്ന് കരുതുന്നതായും ഡോ. ഗണേശ് മോഹൻ പറഞ്ഞു.