കോട്ടയം> പ്രൊവിഷണല് സര്ട്ടിഫിക്കറ്റും മാര്ക്ക്ലിസ്റ്റും നല്കാന് എംബിഎ വിദ്യാര്ഥിനിയോട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എംജി സര്വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. എംബിഎ വിഭാഗത്തിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് കോട്ടയം ആര്പ്പൂക്കര സ്വദേശിനി സി ജെ എല്സിയാണ് (48) പിരിച്ചു വിട്ടത്. 2022 ജനുവരി 29നാണ് കൈക്കുലി വാങ്ങുന്നതിനിടെ ഇവര് വിജിലന്സിന്റെ പിടിയിലായത്. എംബിഎ വിദ്യാര്ഥികളുടെ മാര്ക്ക് ലിസ്റ്റ് പണം വാങ്ങി ഇവര് തിരുത്തി നല്കിയതായും കണ്ടെത്തിയിരുന്നു.
കേസിനെ തുടര്ന്ന് സര്വകലാശാല ഇവരെ സസ്പെന്ഡ് ചെയ്ത് അന്വേഷണം നടത്തി. സിന്ഡിക്കേറ്റ് അംഗങ്ങള് അടങ്ങിയ സമിതി നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്ട്ടിനെ തുടര്ന്ന് വിശദമായ അന്വേഷണത്തിന് ജോ. രജിസ്ട്രാര് എന് ശ്രീലതയെ ചുമതലപ്പെടുത്തി. ഈ അന്വേഷണത്തില് എല്സി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.
റിപ്പോര്ട്ട് അംഗീകരിച്ച സിന്ഡിക്കേറ്റ് എല്സിയെ പിരിച്ചു വിടാനും തുടര്നടപടി സ്വീകരിക്കാനും വിസിയെ ചുമതലപ്പെടുത്തി. തുടര്ന്ന് ഇവരോട് വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തില് പിരിച്ചു വിടാന് വിസിയുടെ ചുമതല വഹിക്കുന്ന പ്രോ വിസി ഉത്തരവിടുകയായിരുന്നു.
സര്വകലാശാല അസിസ്റ്റന്റ് എന്ന നിലയില് ഗുരുതര വീഴ്ചയും അധികാര ദുര്വിനിയോഗവും ഗൗരവതരമായ ക്രമക്കേടും പെരുമാറ്റദൂഷ്യവും നടത്തിയതായി അന്വേഷണ റിപ്പോര്ട്ടില് പറയുന്നു. രണ്ട് എംബിഎ വിദ്യാര്ഥികളുടെ മൂന്നാം സെമസ്റ്റര് മേഴ്സി ചാന്സ് പരീക്ഷയുടെ ഒരു വിഷയത്തിന്റെ മാര്ക്ക് എല്സി തിരുത്തിയതായും കണ്ടെത്തി. കൈക്കൂലി വാങ്ങിയതിലും കൗണ്ടര് ഫോയിലില് മാര്ക്ക് തിരുത്തിയതിലും ഇവരുടെ പങ്ക് വ്യക്തമായതായും അന്വേഷണ റിപ്പോര്ട്ടില് പറയുന്നു.
2014-2016 ബാച്ചില് ഏറ്റുമാനൂര് മംഗളം കോളേജില് നിന്ന് എംബിഎ പാസായ വിദ്യാര്ഥിനിയോട് സര്ട്ടിഫിക്കറ്റ് വേഗത്തില് ലഭിക്കാന് 30,000 ആവശ്യപ്പെട്ട എല്സി ആദ്യ ഗഡുവായി 15,000 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്. വിജിലന്സ് കിഴക്കന് മേഖല എസ്പി വി ജി വിനോദ്കുമാറിന് വിദ്യാര്ഥിനി പരാതിയിലായിരുന്നു നടപടി. പിന്നീട് നടത്തിയ അന്വേഷണത്തില് ഇവര് മറ്റ് പല വിദ്യാര്ഥികളില് നിന്നും കൈക്കൂലി വാങ്ങിയതായി വിജിലന്സ് കണ്ടെത്തിയിരുന്നു. തോറ്റ വിദ്യാര്ഥികളെ മേഴ്സി ചാന്സില് അനധികൃതമായി ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്കിയാണ് ഇവര് പണം വാങ്ങിയതെന്നാണ് വിജിലന്സ് കണ്ടെത്തിയത്. വിജിലന്സ് കേസുകള് നടന്നുവരികയാണ്.