കളമശേരി> അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് പ്രവര്ത്തിക്കുന്നില്ല എന്ന പേരില് മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോണ്ഗ്രസിന്റെ സമര നാടകം എറണാകുളം മെഡിക്കല് കോളേജില് അരങ്ങേറി. വെള്ളി പകല് പതിനൊന്നോടെയാണ് മെഡിക്കല് കോളേജ് പ്രിന്സിപ്പല് ഓഫീസിന് മുന്നില് പ്രദേശത്തെ യൂത്ത് നേതാക്കള് പ്രതിഷേധിച്ചത്. മാധ്യമങ്ങള്ക്ക് വിശദമായ അഭിമുഖം നല്കി ഉടനെ തന്നെ സമരം അവസാനിപ്പിക്കുകയും ചെയ്തു.
ആലുവ ജനറല് ആശുപത്രിയില് നിന്ന് 80 ശതമാനം പൊള്ളലേറ്റ അത്യാസന്ന നിലയിലുള്ള രോഗിയെ 19ന് ആണ് മെഡിക്കല് കോളേജിലേക്ക് റഫര് ചെയ്തത്. മെഡിക്കല് കോളേജിലെ പൊള്ളല് ഐസിയു മൂന്നാം നിലയിലാണ്. അവിടേക്ക് ഉണ്ടായിരുന്ന ഏക ലിഫ്റ്റ് മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാല് നിലവില് പ്രവര്ത്തിക്കുന്നില്ല. ജീവനക്കാര് രോഗികളെ സ്ട്രക്ചറില് കിടത്തി തോളില് ചുമന്നാണ് കോണിപ്പടി വഴി ഐസിയുവില് എത്തിക്കുന്നത്.
ആലുവയില് നിന്ന് എത്തിയ രോഗിയെയും ജീവനക്കാര് ഇത്തരത്തിലാണ് ഐസിയുവില് എത്തിച്ചത്.എന്നാല് അടുത്ത ദിവസം അദ്ദേഹം മരിച്ചു. മൃതദേഹം സ്ട്രക്ചറില് ചുമന്നാണ് താഴെ മോര്ച്ചറിയിലെത്തിച്ചത്. അന്ന് കൂടെയുണ്ടായിരുന്ന യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിമാരില് ഒരാളായ ആലുവ സ്വദേശി ദൃശ്യം മൊബൈലിലെടുത്ത് പ്രചരിപ്പിച്ചാണ് ആശുപത്രിയെ അപകീര്ത്തിപ്പെടുത്താനുള്ള സമരം ആസൂത്രണം ചെയ്തത്.
മാസങ്ങളായി ജീവനക്കാര് ഇത്തരത്തിലാണ് രോഗികളെ മുകളിലെ നിലകളില് എത്തിക്കുന്നത്. ഇതില് രോഗികളൊ കൂട്ടിയിരിപ്പുകാരൊ ഇതുവരെ പരാതികളുന്നയിച്ചിട്ടില്ല. ഇപ്പോള് രോഗിയുടെ ബന്ധുപോലുമല്ലാത്ത യൂത്ത് കോണ്ഗ്രസ് നേതാവാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.