തിരുവനന്തപുരം > ആയുർവേദ കോളേജിൽ തോറ്റ വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകി എന്ന മലയാള മനോരമ വാർത്ത വ്യാജമെന്ന് തെളിയുന്നു.
2016 ബിഎഎംഎസ് ബാച്ച് വിദ്യാർഥികളുടെ ഹൗസ് സർജൻസ് അസോസിയേഷൻ (അഥാസ്ത്ര) സംഘടിപ്പിച്ച ചടങ്ങാണ് കോളേജിൽ നടന്നത്. ഇവിടെ ആർക്കും ബിരുദം ദാനം ചെയതില്ല. ആ ബാച്ചിലെ കുട്ടികൾക്കെല്ലാം ഫലകം നൽകി ആദരിക്കുക മാത്രമാണ് സംഘാടകർ ചെയ്തത്. വിജയിച്ചവർക്കും ഇനി പരീക്ഷകൾ പാസാകാൻ ബാക്കിയുള്ളവർക്കും രണ്ടുതരം ഫലകങ്ങളാണ് നൽകിയത്.
പാസാകാത്തവർക്കും പാസായവർക്കും നൽകിയ വ്യത്യസ്ത ഫലകങ്ങൾ
വിദ്യാർഥിയുടെ ഫോട്ടോയും വിവരണവും ഒരു മെഡലുമാണ് ഫലകത്തിലുള്ളത്. വിജയിച്ചവരുടെ ഫലകത്തിൽ സർട്ടിഫിക്കറ്റ് ഓഫ് ഗ്രാജുവേഷൻ എന്നും കോഴ്സ് വിജയകരമായി പൂർത്തിയാക്കി ബിഎഎംഎസ് സർട്ടിഫിക്കറ്റിനു യോഗ്യത നേടി എന്നുമുണ്ട്. പാസാകാത്തവർക്ക് സർട്ടിഫിക്കറ്റ് എന്നു മാത്രമാണ് ചേർത്തിരിക്കുന്നത്. ഒന്നിലും സർവകലാശാലയുടെയോ കോളേജിന്റെയോ സീലോ പ്രിൻസിപ്പലിന്റെയോ വൈസ് ചാൻസലറുടെയോ ഒപ്പോ ഇല്ല. തീർത്തും അനൗദ്യോഗികമായി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് മാത്രമായിരുന്നു പരിപാടി.
എസ്എഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തോറ്റ കുട്ടികൾക്ക് ബിരുദദാനം നടത്തി എന്നായിരുന്നു മനോരമ വാർത്ത. പരിപാടിക്ക് എസ്എഫ്ഐയുമായി ഒരു ബന്ധവുമില്ല. 2016 ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളും ഉൾപ്പെടുന്ന സംഘടനയാണ് അഥാസ്ത്ര. ബിരുദദാനവുമല്ല നടന്നത്. ആരോഗ്യസർവകലാശാല നിയമപ്രകാരം ബിരുദദാനം നിർവഹിക്കുന്നത് ചാൻസലറാണ്. അത് നടക്കുന്നത് ജനുവരിയിലും.
അഥാസ്ത്രയുടെ ചടങ്ങിൽ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലായിരുന്നു മുഖ്യാതിഥി. വാർത്ത വന്നതോടെ കോളേജിനെതിരെ വിസി തിരിഞ്ഞു. സർട്ടിഫിക്കറ്റ് തിരിച്ചുവാങ്ങാൻ പറഞ്ഞു. അതും യുഡിഎഫ് പത്രത്തിന് വാർത്തയാക്കി നൽകി. അനൗദ്യോഗിക ചടങ്ങ് ബിരുദദാനമായി പ്രചരിപ്പിച്ചതിനു പിന്നിൽ വിസി അടക്കമുള്ളവർക്കെതിരെയും ആക്ഷേപമുയരുന്നുണ്ട്.
അതിനിടെ ആവശ്യമായ ‘വിവരം’ നൽകിയില്ലെങ്കിൽ പേരുസഹിതം പത്രത്തിൽ വാർത്ത നൽകുമെന്ന് വാർത്ത നൽകിയ പത്രത്തിൽ നിന്നു വിളിച്ച് ഒരു വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയരുന്നു. ചീഫ് എഡിറ്ററെന്ന വ്യാജേന രാജേഷ് എന്നയാളാണ് വിളിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. ലേഖകൻ തന്നെയെന്നാണ് സംശയം.