മലപ്പുറം> രാജ്യസഭയിൽ കേന്ദ്രമന്ത്രിമാരെ പ്രശംസിച്ചിട്ടില്ലെന്ന് പി വി അബ്ദുൾ വഹാബ് എംപി. മന്ത്രിമാരായ വി മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും പുകഴ്ത്തി സംസാരിച്ചത് വിവാദമായതിന് പിന്നാലെ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം വഹാബിനോട് വിശദീകരണം തേടിയിരുന്നു. അതേത്തുടർന്നാണ് കേന്ദ്രമന്ത്രിമാരെ പുകഴ്ത്തിയതല്ല, തമാശരൂപത്തിൽ പറഞ്ഞതാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം.
‘കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച്, രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിനിടെ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചുവെന്നുള്ള ചില കേന്ദ്രങ്ങളുടെ പ്രചാരണം ദൗർഭാഗ്യകരമാണ്. കേരള സർക്കാരിനെ പരസ്യമായി വിമർശിക്കുമ്പോൾതന്നെ ഡൽഹിയിൽ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണ് വി മുരളീധരൻ എന്ന് തമാശരൂപത്തിൽ പരാമർശിച്ചതിനെയാണ് പ്രശംസയായി വ്യാഖ്യാനിച്ചത്.
മന്ത്രി രാജീവ് ചന്ദ്രശേഖരനെ പരാമർശിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ കണ്ട് ഫണ്ട് വാങ്ങുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിരുന്നു. ഈ തമാശയും പുകഴ്ത്തലായി വ്യാഖ്യാനിക്കപ്പെട്ടു. പ്രസംഗം വിവാദമായതോടെ സാദിഖലി ശിഹാബ് തങ്ങൾ വസ്തുത അന്വേഷിച്ചു. കാര്യങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്’– വഹാബ് പറഞ്ഞു.