കൊച്ചി> ഒമിക്രോണിന്റെ വ്യതിയാനം വന്ന വകഭേദമായ എക്സ്ബിബി വൈറസ് ഉയർന്ന മരണനിരക്കിനിടയാക്കുമെന്നും രോഗലക്ഷണങ്ങൾ പ്രകടമല്ലെന്നുമുള്ള സോഷ്യൽമീഡിയ പ്രചരണങ്ങൾ വാജ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
രാജ്യത്ത് എക്സ്ബിബി വൈറസ് സ്ഥിരീകരിച്ചെന്ന വാർത്തയും മന്ത്രാലയം തള്ളി. ജനങ്ങളെ ഭയപ്പെടുത്തുംവിധം വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശങ്ങൾ വ്യാജമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഡെൽറ്റയേക്കാൾ അഞ്ചിരട്ടി അപകടകരമാണെന്നും ഉയർന്ന മരണനിരക്കാണെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെതായി പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. വൈറസ് ബാധിതർക്ക് ചുമ, പനി എന്നിവ പ്രകടമാകില്ലെന്നും സന്ധിവേദന, തലവേദന തുടങ്ങിയവ പ്രകടമായേക്കുമെന്നുമാണ് വ്യാജപ്രചാരണം. ഇത്തരം സന്ദേശങ്ങൾ ജനങ്ങളെ ഭയചകിതരാക്കാൻ ഉദ്ദേശിച്ചുള്ളവയാണെന്നും തെറ്റായ വിവരങ്ങളാണ് അതിലുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ലോക രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കർശന ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. ഒമിക്രോൺ ഉപ വകഭേദം ബിഎഫ്. 7 ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം സ്ഥിതിഗതികൾ വിലയിരുത്തി. ആഘോഷകാലം മുൻനിർത്തി ജനങ്ങൾ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Read more: https://www.deshabhimani.com/news/national/news-national-23-12-2022/1063313