കൊച്ചി
ചാമ്പ്യൻ ടീമിലെ മൂന്നുപേരെമാത്രം അണിനിരത്തി കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ നിലനിർത്താനിറങ്ങുന്നു. 22 അംഗ ടീമിൽ പതിനാറും പുതുമുഖങ്ങളാണ്. പരിചയസമ്പന്നനായ ഗോൾകീപ്പർ വി മിഥുനാണ് ക്യാപ്റ്റൻ. കെഎസ്ഇബിയുടെ പി ബി രമേശാണ് പരിശീലകൻ. ഡിസംബർ 26ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കരുത്തരായ മിസോറാം, ആന്ധ്രാപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ എന്നീ ടീമുകളും കേരളത്തിന്റെ ഗ്രൂപ്പിലുണ്ട്. എല്ലാ മത്സരങ്ങളും കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ്.
ഇത്തവണ പുതിയ ഘടനയിലാണ് ടൂർണമെന്റ്. മേഖലകൾ തിരിച്ചുള്ള യോഗ്യതാ മത്സരങ്ങളില്ല. 36 ടീമുകളെ ആറ് ഗ്രൂപ്പുകളിലാക്കി. നറുക്കെടുപ്പിലൂടെയായിരുന്നു ഗ്രൂപ്പ് തെരഞ്ഞെടുപ്പ്. ഗ്രൂപ്പ് ചാമ്പ്യൻമാരും മികച്ച മൂന്ന് രണ്ടാംസ്ഥാനക്കാരും ഫൈനൽ റൗണ്ടിലേക്ക് മുന്നേറും. ആതിഥേയരെ കൂടാതെ സർവീസസും റെയിൽവേസും നേരിട്ട് യോഗ്യത നേടും. ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ഡൽഹിയെയും കോഴിക്കോടിനെയും കൂടാതെ ഭുവനേശ്വറിലും യോഗ്യതാ മത്സരങ്ങൾ അരങ്ങേറും.
മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ബംഗാളിനെ തോൽപ്പിച്ചായിരുന്നു കേരളം കഴിഞ്ഞതവണ കിരീടം ചൂടിയത്. ഈ ടീമിലുണ്ടായ മിഥുൻ, നിജോ ഗിൽബർട്ട്, എം വിഘ്നേഷ് എന്നിവരെയാണ് നിലനിർത്തിയത്. എട്ട് താരങ്ങൾ ഈ കഴിഞ്ഞ ദേശീയ ഗെയിംസിനുള്ള സംഘത്തിലുണ്ടായി. തിരുവനന്തപുരത്തുനിന്നാണ് കൂടുതൽ താരങ്ങൾ–-എട്ട് പേർ. ക്ലബ്ബുകളിൽ കൂടുതൽ പങ്കാളിത്തം കെഎസ്ഇബിക്കാണ് (8).
ഗോൾകീപ്പർമാർ
വി മിഥുൻ (കണ്ണൂർ, എസ്ബിഐ), പി എ അജ്മൽ (മലപ്പുറം, എഫ്സി അരീക്കോട്), ടി വി അൽകേഷ്രാജ് (തൃശൂർ, സായ് കൊല്ലം).
പ്രതിരോധക്കാർ
എം മനോജ് (തിരുവനന്തപുരം, കേരള യുണൈറ്റഡ് എഫ്സി), ആർ ഷിനു (തിരുവനന്തപുരം, കെഎസ്ഇബി), കെ അമീൻ (മലപ്പുറം, എഫ്സി അരീക്കോട്), ബെൽജിൻ ബോൾസ്റ്റർ (തിരുവനന്തപുരം, കെഎസ്ഇബി), മുഹമ്മദ് സലീം (മലപ്പുറം, കെഎസ്ഇബി), സച്ചു സിബി (ഇടുക്കി, കേരള യുണൈറ്റഡ് എഫ്സി), അഖിൽ ജെ ചന്ദ്രൻ (എറണാകുളം, ഗോകുലം കേരള), ജെ ജെറിറ്റോ (തിരുവനന്തപുരം, കെഎസ്ഇബി).
മധ്യനിരക്കാർ
ഹൃഷിദത്ത് (തൃശൂർ, ഗോകുലം കേരള), എം റാഷിദ് (കാസർകോട്, കെഎസ്ഇബി), ഗിഫ്റ്റി സി ഗ്രേഷ്യസ് (വയനാട്, കെഎസ്ഇബി), നിജോ ഗിൽബർട്ട് (തിരുവനന്തപുരം, കെഎസ്ഇബി), പി അജീഷ് (തിരുവനന്തപുരം, എജീസ് കേരള), റിസ്വാൻ അലി (കാസർകോട്, എഫ്സി അരീക്കോട്), വിശാഖ് മോഹനൻ (എറണാകുളം, ഗോകുലം കേരള), കെ കെ അബ്ദു റഹീം (മലപ്പുറം, ബാസ്കോ എഫ്സി)
മുന്നേറ്റക്കാർ
എം വിഘ്നേഷ് (കന്യാകുമാരി, കെഎസ്ഇബി), ബി നരേഷ് (നീലഗിരി, മുത്തൂറ്റ് എഫ്എ), ജെ ജോൺ പോൾ (തിരുവനന്തപുരം, കെഎസ്ഇബി).
പരിശീലകൻ: പി ബി രമേശ്,
സഹപരിശീലകൻ: ബിനീഷ് കിരൺ,
ഗോൾകീപ്പിങ് കോച്ച്: കെ കെ ഹമീദ്.
ഫിസിയോ: ആർ അക്ഷയ്, മാനേജർ: മുഹമ്മദ് റഫീഖ്.