ധാക്ക
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യദിനം ബംഗ്ലാദേശിനെ 227ന് പുറത്താക്കിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്ണെടുത്തു. വെളിച്ചക്കുറവുകാരണം കളി വേഗം നിർത്തുകയായിരുന്നു. ബംഗ്ലാനിരയിൽ മൊമിനുൾ ഹഖ് ഒഴികെ മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല. ഇന്ത്യക്കുവേണ്ടി പേസർ ഉമേഷ് യാദവും സ്പിന്നർ ആർ അശ്വിനും നാലുവീതം വിക്കറ്റ് നേടി. മൊമിനുകൾ 157 പന്തിൽ 84 റണ്ണെടുത്ത് പുറത്തായി. ആർ അശ്വിനാണ് മടക്കിയത്.
ഭേദപ്പെട്ട തുടക്കമായിരുന്നു ബംഗ്ലാദേശിന്. ഒരുഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റണ്ണെന്ന നിലയിലായിരുന്നു അവർ. എന്നാൽ, അവസാന അഞ്ച് വിക്കറ്റ് വെറും 14 റണ്ണിന് നഷ്ടമായി. ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ 16 റണ്ണെടുത്ത് മടങ്ങി. ആദ്യ ഏഴ് ബാറ്റർമാർ മികച്ച തുടക്കത്തിനുശേഷമാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്. ആർക്കും മൊമിനുളിന് പിന്തുണ നൽകാനായില്ല. ലിട്ടൺ ദാസ് 25ഉം മുഷ്ഫിക്കർ റഹീം 26 റണ്ണുമെടുത്ത് പുറത്തായി.
ഇന്ത്യക്കുവേണ്ടി കുൽദീപ് യാദവിന് പകരം ജയദേവ് ഉനദ്ഘട്ട് കളിക്കാനിറങ്ങി. ആദ്യ ടെസ്റ്റിലെ മാൻ ഓഫ് ദി മാച്ചായിരുന്നു കുൽദീപ്.
ഇന്ത്യ 14 ഓവർ മാത്രമാണ് ആദ്യദിനം നേരിട്ടത്. 30 പന്തിൽ മൂന്ന് റണ്ണുമായി ക്യാപ്റ്റൻ ലോകേഷ് രാഹുലും 20 പന്തിൽ 14 റണ്ണുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.