പിണറായി> അപകടകരമാംവിധം സ്കൂള് വിദ്യാര്ഥികളുടെ വാഹന അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹയര്സെക്കന്ഡറി വിഭാഗം വിദ്യാര്ഥികളാണ് തുറന്ന ജീപ്പില് പതിനഞ്ചോളം വിദ്യാര്ഥികളെ കുത്തിനിറച്ച് അമിതവേഗത്തില് ഓടിച്ചും പൊടുന്നനെ വെട്ടിച്ചും മണിക്കൂറുകള് അഭ്യാസ പ്രകടനം നടത്തിയത്. ക്രിസ്മസ് ആഘോഷത്തിനിടെ വ്യാഴം പകല് മൂന്നോടെയാണ് സംഭവം.
മമ്പറത്തെ സ്കൂള് ഗ്രൗണ്ടില്നിന്ന് കുട്ടികളുടെ ആര്പ്പുവിളികേട്ട് എത്തിയ നാട്ടുകാര് ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്നിന്ന് കുട്ടികള് തെറിച്ചു വീണിട്ടും നിര്ത്താതെ പൊടിപടര്ത്തി ജീപ്പ് അതിവേഗത്തില് കുതിക്കുന്നു. പൊടിപടലങ്ങള്ക്കിടയിലൂടെ നിരവധി തവണ മുന്നോട്ടും പിന്നോട്ടും കടന്നുപോകുന്നു. പൊടിപടലങ്ങള്ക്കിടയില് കുരുങ്ങിയ കുട്ടികളുടെ സാന്നിധ്യം മനസ്സിലാക്കാന് പ്രയാസമായിരുന്ന സമയത്തും ഓടിച്ച കുട്ടി ജീപ്പ് നിര്ത്താന് കൂട്ടാക്കിയില്ലെന്നും നാട്ടുകാര് പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പിണറായി പൊലീസ് ജീപ്പ് കസ്റ്റഡിയിലെടുത്തു. വാഹന ഉടമ കൊളവല്ലൂര് ചെറുപറമ്പ് സ്വദേശി മുഹമ്മദ് അസ്ഹറിനെതിരെ വണ്ടി ദുരുപയോഗം ചെയ്യാന് നല്കിയതിന് കേസെടുത്തു. വിദ്യാര്ഥികളെ താക്കീതുചെയ്ത് സ്കൂളിലേക്ക് പറഞ്ഞയച്ചതായി പൊലീസ് പറഞ്ഞു. 18 വയസ് ആകാത്തതിനാല് ഓടിച്ച വിദ്യാര്ഥിക്ക് ലൈസന്സുമില്ല.