കൊച്ചി> സുനാമി മുന്നൊരുക്കത്തിന്റെ ഭാഗമായി എടവനക്കാട് അണിയിൽ ബീച്ചിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. എടവനക്കാട് അണിയിൽ ബീച്ചിൽ സുനാമി മുന്നറിയിപ്പുമായി പോലീസ് വാഹനം എത്തിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. പിന്നാലെ ഫയർ ഫോഴ്സ് വാഹനവും ആംബുലൻസുകളും സിവിൽ ഡിഫൻസ് അംഗങ്ങളും ജനപ്രതിനിധികളും പാഞ്ഞെത്തി. അധികം വൈകാതെ രക്ഷാ പ്രവർത്തനം ആരംഭിച്ചു. വീടുകളിൽ നിന്നും ജനങ്ങളെ ആംബുലൻസുകളിൽ ആശുപത്രിയിലേക്കും ക്യാമ്പുകളിലേക്കും മാറ്റി.
ആദ്യം ജനങ്ങൾ പരിഭ്രമിച്ചെങ്കിലും സുനാമി മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രിൽ ആണെന്നറിഞ്ഞപ്പോൾ അവർ സഹകരിച്ചു. കേരളത്തിൽ സുനാമി ദുരന്തം വിതച്ചതിന്റെ 18-ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഇന്ത്യൻ സമുദ്ര വിവര കേന്ദ്രം (ഇൻകോയിസ്) എന്നിവർ സംയുക്തമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. യുനെസ്കോ വിഭാവനം ചെയ്ത സാമൂഹികാധിഷ്ഠിത ദുരന്തലഘൂകരണ പരിപാടിയായ സുനാമി റെഡിയുടെ ഭാഗമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
മോക്ക് ഡ്രില്ലിന് ശേഷം പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈപ്പിൻകര പോലെ പ്രകൃതി ദുരന്ത ഭീഷണി എപ്പോഴും നിലനിൽക്കുന്ന പ്രദേശത്ത് മുന്നൊരുക്ക പരിശീലന പരിപാടികൾ വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് എംഎൽഎ പറഞ്ഞു. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നത്. സുനാമി പോലുള്ള ദുരന്തങ്ങൾ, തീരശോഷണം, കടൽക്ഷോഭം എന്നിവ തടയാൻ പുതിയ പദ്ധതികൾ സംസ്ഥാന തലത്തിൽ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വൈപ്പിനിൽ മറൈൻ ആംബുലൻസ്, എയർ ആംബുലൻസ്, കൂടുതൽ രക്ഷാ ഉപകരണങ്ങൾ എന്നിവ എത്രയും പെട്ടന്ന് ലഭ്യമാക്കണം. സന്നദ്ധ പ്രവർത്തകർക്ക് ദുരന്ത മുന്നൊരുക്ക പരിശീലനങ്ങൾ നൽകണം. ദുരന്തങ്ങളിൽ അഭയം നേടാൻ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ സൈക്ലോൺ ഷെൽട്ടർ തുറന്നിട്ടുണ്ട്. അത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. രേണു രാജ് ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുത്തു. സുനാമിയുടെ പ്രത്യാഘാതങ്ങൾ നേരിട്ടവരാണ് വൈപ്പിൻ ജനത. ഇത്തരം പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറച്ച് കൊണ്ടുവരാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചതെന്ന് കളക്ടർ പറഞ്ഞു. ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ ഒപ്പം ജനങ്ങളും കൂട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാലെ ദുരന്തത്തിന്റെ വ്യാപ്തി കുറക്കാൻ കഴിയൂ. ഇതിനായി ജനങ്ങൾക്കും അറിവു നൽകുകയാണ് ഇത്തരം പരിശീലന പരിപാടിയുടെ ലക്ഷ്യമെന്നും കളക്ടർ പറഞ്ഞു.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം, വാർഡ് മെമ്പർ സാജു, ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഷൈനി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ, കൊച്ചി തഹസീൽദാർ സുനിത ജേക്കബ്, ഇന്റർ ഏജൻസി ഗ്രൂപ്പ് കൺവീനർ ടി.ആർ. ദേവൻ, ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് ഡോ. ആൽഫ്രഡ് ജോണി തീരദേശ ദുരന്തങ്ങളെ കുറിച്ച് അവബോധ ക്ലാസ് നയിച്ചു. പ്രദേശവാസികൾ, സ്കൂൾ, കോളേജ് വിദ്യാർഥികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.