ആലപ്പുഴ
കേന്ദ്ര ബിജെപി സർക്കാരിന്റെ വർഗീയനയങ്ങൾക്കും ചങ്ങാത്ത മുതലാളിത്തത്തിനുമെതിരെ രാജ്യത്ത് വിശാലഐക്യം രൂപപ്പെടുന്നുവെന്ന് മന്ത്രി പി രാജീവ്. എഐടിയുസി അഖിലേന്ത്യാ സമ്മേളനത്തിന്റെ ‘വർഗരാഷ്ട്രീയം സമകാലിക കാഴ്ചപ്പാടിൽ’ സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മുൻകാലങ്ങളിൽ പാർലമെന്റിനകത്തും പുറത്തും വലിയ പ്രക്ഷോഭങ്ങളിലൂടെ ഭരണവർഗ നയങ്ങൾ തിരുത്തിയിട്ടുണ്ടെങ്കിൽ സമകാലിക ഇന്ത്യയിൽ നടന്ന കർഷകപ്രക്ഷോഭം പാർലമെന്റ് പുറപ്പെടുവിച്ച ഭരണവർഗ കാർഷികനയങ്ങൾ പിൻവലിപ്പിച്ചു. കാർഷികനിയമം പിൻവലിപ്പിച്ചത് കർഷകവർഗത്തിന്റെ വിശാലവും കെട്ടുറപ്പുമുള്ള ഐക്യസമരത്തിലാണ്. ഭരണവർഗനയങ്ങളെ ചെറുത്തുതോൽപ്പിച്ചതിന്റെ ആഹ്ലാദം പങ്കിടുന്ന വേളയിൽതന്നെ പുതിയ രൂപത്തിൽ അതേനയം തന്നെ വീണ്ടും അവതരിപ്പിക്കപ്പെടുന്നു. ചെറുത്തുനിൽപ്പുകളെയും പ്രതിരോധങ്ങളെയും ഭിന്നിപ്പിച്ച് ഫാസിസ്റ്റ് പ്രവണതയുള്ള ഭരണവർഗം കോർപറേറ്റുകളുമായി കണ്ണിചേരുന്ന കാലത്ത് തൊഴിലാളികളുടെയും കർഷകരുടെയും പ്രതിരോധം രാജ്യത്ത് പുതിയ വർഗഐക്യം രൂപപ്പെടുത്തും –- അദ്ദേഹം പറഞ്ഞു.