ആലപ്പുഴ
രാജ്യത്ത് കക്ഷിരാഷ്ട്രീയവും വർഗരാഷ്ട്രീയവും ഇഴചേർന്ന് കിടക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഐടിയുസി അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വർഗപരമായി തൊഴിലാളികളുടെ വിശാലമായ ഐക്യത്തിന് മാത്രമേ ഫാസിസ്റ്റ് സ്വഭാവമുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങൾ തിരുത്താനാകൂ. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും തകർച്ചയ്ക്കുശേഷം മൂലധന സംരക്ഷണ സാമ്പത്തികനയങ്ങളാണ് ലോകത്തെ നയിച്ചത്. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന് പകരം ലാഭംമാത്രം ലക്ഷ്യമാക്കിയുള്ള സാമ്പത്തിക നയങ്ങളിലൂടെയാണ് തൊഴിലാളിവിരുദ്ധ നയങ്ങൾ രൂപംകൊള്ളുന്നത്. വർഗസമരത്തിന്റെ ആശയാടിസ്ഥാനത്തിൽ തൊഴിലാളികളുടെ വിശാലമായ വർഗഐക്യം ഉണ്ടാകണമെന്നും കാനം പറഞ്ഞു. ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. അഡ്വ. എം ലിജു, മന്ത്രി ജെ ചിഞ്ചുറാണി, പ്രസാദ്, ദീപ്തി അജയകുമാർ എന്നിവർ സംസാരിച്ചു.