എന്തൊരു മത്സരമായിരുന്നു!. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിൽ, ഫ്രാൻസും അർജന്റീനയും തമ്മിൽ, സാക്ഷാൽ കിലിയൻ എംബാപ്പെയും ലയണൽ മെസിയും തമ്മിൽ. കൊണ്ടും കൊടുത്തുമുള്ള ആ ആവേശനിമിഷങ്ങൾ ലോകകപ്പ് സുവർണതാളുകളിൽ രേഖപ്പെടുത്തുകതന്നെ ചെയ്യും. അധികസമയം കഴിഞ്ഞ് ഷൂട്ടൗട്ടിലേക്കുള്ള നെഞ്ചിടിപ്പിന്റെ താളങ്ങൾ. 70 മിനിറ്റ് രണ്ട് ഗോളിന് പിന്നിൽനിന്നിട്ടും തിരിച്ചുവന്ന ഫ്രഞ്ച് വീര്യം. ഹാട്രിക് അടിച്ച ഇരുപത്തിമൂന്നുകാരൻ എംബാപ്പെയുടെ പോരാട്ടം. തകർച്ചയിൽപ്പെട്ടുപോയ ഘട്ടത്തിലും ശാന്തമായി ഒഴുകിയ മെസി. ചോരില്ലെന്ന് ഉറപ്പിച്ച എമിലിയാനോ മാർട്ടിനെസിന്റെ കൈകൾ. എല്ലാ സമയവും കഴിഞ്ഞ് അർജന്റീന ചിരിച്ചു, മെസിയും.
ആശിച്ച, മോഹിച്ച തുടക്കമായിരുന്നു അർജന്റീനയ്ക്ക്. ഇടതുവശത്ത് എയ്ഞ്ചൽ ഡി മരിയ കൊടുങ്കാറ്റായപ്പോൾ കളിഗതി അർജന്റീന തിരിച്ചു. നീക്കങ്ങളിൽ അർജന്റീനമാത്രം. ഫ്രാൻസ് പ്രതിരോധത്തിൽ ജൂലസ് കൗണ്ടെയും തിയോ ഹെർണാണ്ടസും വിയർത്തു. റോഡ്രിഗോ ഡി പോളും അലെക്സിസ് മക് അല്ലിസ്റ്ററും ബോക്സിനുപുറത്തുനിന്ന് അടിതൊടുത്തു. അല്ലിസ്റ്റർ തൊടുത്തത് ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ കൈകളിലായി. ഡി പോളിന്റെ ഷോട്ട് പുറത്തുംപോയി. 23–-ാംമിനിറ്റിലായിരുന്നു പെനൽറ്റി. ഇടതുപാർശ്വത്തിൽ ഒരിക്കൽക്കൂടി ഡി മരിയയുടെ മിന്നൽക്കുതിപ്പ്. ബോക്സിനുപുറത്ത് ഡെംബെലെയെ വെട്ടിച്ച് മുന്നേറി. ഡെംബെലെ അകത്തുകയറി ഡി മരിയയുടെ കാലിൽ കൊളുത്തി, പെനൽറ്റി. ലോറിസിന്റെ ചാട്ടം തെറ്റിച്ച് മെസിയുടെ കിക്ക്. ലുസെയ്ൽ ആർത്തിരിമ്പി. കാലങ്ങളായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണെന്ന വിശ്വാസം അവരിൽനിറഞ്ഞു.
അർജന്റീന ആ ആവേശം സിരകളിൽ പടർത്തി. ഡി മരിയയും ഡി പോളും അവരുടെ ആക്രമണത്തിന്റെ കുന്തമുനകളായി. മെസി കളിയും താളവും നിയന്ത്രിച്ചു. മധ്യവരയ്ക്കുമുന്നിൽനിന്നുള്ള മെസിയുടെ ക്രോസുകൾ ഡി മരിയ ഏറ്റുവാങ്ങുമ്പോൾ ഫ്രഞ്ച് പ്രതിരോധഭിത്തി വിറച്ചു. രണ്ടാമത്തെ ഗോൾ ഉടനെത്തി. മെസിയുടെ ക്രോസ്. മക് അല്ലിസ്റ്റർ ഡി മരിയക്ക്. ആ നീക്കത്തിൽ ലോറിസ് നിഷ്പ്രഭനായി.
കളിയിൽ അർജന്റീന ആധിപത്യം കാത്ത് മുന്നേറി. കിരീടത്തിലേക്ക് അവർ അടുത്തുകൊണ്ടിരുന്നു. എന്നാൽ, കളി അവസാനിക്കാൻ ഒമ്പത് മിനിറ്റ് മാത്രംശേഷിക്കെ കാര്യങ്ങളെല്ലാം മാറിമറഞ്ഞു. 79–-ാംമിനിറ്റ് കോളോ മുവാനിയെ നിക്കോളാസ് ഒട്ടമെൻഡി ബോക്സിൽ വീഴ്ത്തിയതോടെ ഫ്രാൻസിന്റെ ജീവനുണർന്നു. അതുവരെ മങ്ങിനിന്ന എംബാപ്പെയുടെ സംഹാരരൂപം ലുസെയ്ൽ കണ്ടു. എമിലിയാനോ മാർട്ടിനെസിന്റെ ചാട്ടംമറികടന്ന് എംബാപ്പെയുടെ കിക്ക് വലതുളച്ചു. സെക്കൻഡുകൾമാത്രം. ലോകത്തെ ഏറ്റവും മികച്ച താരം എന്ന് അടയാളപ്പെടുത്തി ഈ ഇരുപത്തിമൂന്നുകാരന്റെ മിന്നുന്ന വോളി. മെസിയിൽനിന്ന് പന്ത് പിടിച്ചെടുത്ത കിങ്സ്ലി കൊമാന്റെ മിടുക്കും ആഗോളിന് ചന്തം നൽകി. ഫ്രാൻസ് തീയായി. അർജന്റീന എരിഞ്ഞു. അധികസമയത്തേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പ് മെസിയുടെ തകർപ്പൻ വോളി ലോറിസ് തടഞ്ഞു.
അധികസമയം. കളി മുറുകി. അർജന്റീന രണ്ടുതവണ ഗോളിന് അരികെയെത്തി. എന്നാൽ, അധികസമയത്തിന്റെ രണ്ടാംഘട്ടത്തിൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ഒരിക്കൽക്കൂടി ലുസെയ്ൽ സ്വപ്നം കണ്ടു. ക്യാപ്റ്റന്റെ അടി വലയ്ക്കത്തുനിന്നാണ് ഫ്രഞ്ച് പ്രതിരോധക്കാരൻ അടിച്ചകറ്റിയത്. അർജന്റീന ഉറപ്പിച്ച സമയത്തായിരുന്നു ഗൊൺസാലോ മോണ്ടിയലിന്റെ കൈയിൽത്തട്ടി പെനൽറ്റി വരുന്നത്. ഒരിക്കൽക്കൂടി എംബാപ്പെ. ചരിത്രം. അവസാന നിമിഷം കോളോ മുവാനിയുടെ മിന്നുംഷോട്ട് അവിശ്വസനീയമായി തടഞ്ഞ് മാർട്ടിനെസ് കളി ഷൂട്ടൗട്ടിലേക്ക് നീക്കി.
ഷൂട്ടൗട്ടിൽ മാർട്ടിനെസ് അർജന്റീനയുടെ വാതിലിനുമുന്നിൽ വൻമരമായി. കിങ്സ്ലി കൊമാന്റെ കിക്ക് തടുത്ത് മാർട്ടിനെസ് വിരിഞ്ഞു. എംബാപ്പെയുടെ ഒറ്റയാൾപ്പോരിനും അതിനെ തടയാനായില്ല. എംബാപ്പെയും മുവാനിയുംമാത്രം ലക്ഷ്യംകണ്ടപ്പോൾ ചൗമെനിയുടെ കിക്ക് പുറത്തായി. അർജന്റീനയ്ക്കായി മെസിയും ലിയാൻഡ്രോ പരദേസും പൗലോ ഡിബാലയും ഗൊൺസാലോ മോണ്ടിയെലും ലക്ഷ്യംകണ്ടു.