ദോഹ
എൺപത് മിനിറ്റുവരെ നിശബ്ദനായിരുന്നു കിലിയൻ എംബാപ്പെ. ലോകവേദിയിലെ അൽഭുതതാരത്തിന് ഒരുവട്ടംപോലും പന്ത് തൊടാനായില്ല. അർജന്റീന പ്രതിരോധക്കാർക്കിടയിൽ ഇരുപത്തിമൂന്നുകാരൻ ഞെരിഞ്ഞമർന്നു.
പക്ഷേ ഒറ്റനിമിഷം മതിയായിരുന്നു ഫ്രഞ്ചുകാരന് സർവതും തിരുത്തിയെഴുതാൻ. ലയണൽ മെസിയുടെ കിനാവിലേക്ക് പന്തുതട്ടികൊണ്ടിരുന്ന അർജന്റീനയെ വിറപ്പിച്ച ഹാട്രിക്. ആദ്യത്തേത് പെനൽറ്റി. അടുത്തത് ഈ ലോകകപ്പിലെതന്നെ ഏറ്റവും മനോഹരഗോൾ. എംബാപ്പെ എന്ന മുന്നേറ്റക്കാരന്റെ സൗന്ദര്യവും മികവും അടയാളപ്പെടുത്തിയ ഗോൾ. അധികസമയത്ത് പെനൽറ്റിയിലൂടെ ഹാട്രിക് പൂർത്തിയാക്കി. 1966ൽ ഇംഗ്ലണ്ടിനായി ജിയോഫ് ഹസ്റ്റ് മാത്രമാണ് ഇതിനുമുമ്പ് ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയത്. 2018ൽ റഷ്യയിൽ എംബാപ്പെ അർജന്റീനയെ തകർത്തുവിട്ടിരുന്നു. അന്ന് പ്രീക്വാർട്ടറിൽ ഇരട്ടഗോളുമായി നിറഞ്ഞു. ഇത്തവണ ഹാട്രിക് നേടിയെങ്കിലും വിജയം അകന്നു.
നാളെ ഇരുപത്തിനാല് തികയുന്ന എംബാപ്പെയുടെ ശേഖരത്തിൽ രണ്ട് ലോകകിരീടമാണ്. രണ്ടിലും ഈ ഗോളടിക്കാരൻ മുദ്ര ചാർത്തി. 14 കളിയിൽ 12 ഗോൾ. ഇത്തവണ എട്ട് ഗോളും രണ്ട് ഗോളവസരവും. സുവർണപാദുകവും സ്വന്തമാക്കി. ഈ ചെറിയ പ്രായത്തിൽ മറ്റാരും ലോകകപ്പിൽ ഇത്രയും ഗോളടിച്ചിട്ടില്ല. സാക്ഷാൽ പെലെയ്ക്കുപോലും സാധ്യമാകാത്തത്.
ലോകകപ്പിൽ കൂടുതൽ ഗോളുകൾ നേടിയത് ജർമനിയുടെ മിറോസാവ് ക്ലോസെയാണ്. 16 എണ്ണം. കളിജീവിതത്തിൽ ഇനിയുമേറെ കാലം അവശേഷിക്കുന്ന എംബാപ്പെ നിലവിലെ ഫോം തുടർന്നാൽ ലോകകപ്പിലെ സകല ഗോളടി റെക്കോഡും വഴിമാറും.