തിരുവനന്തപുരം> പേരൂർക്കട വഴയിലയിൽ യുവതിയെ വെട്ടിക്കൊന്ന കേസിൽ റിമാൻഡിലായ പ്രതിയെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പത്തനാപുരം പുന്നല കടശേരി കൈതക്കെട്ട് സ്വദേശി രാജേഷിനെ (46)യാണ് പൂജപ്പുര ജില്ലാ ജയിലിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബി ബ്ലോക്കിലെ ശുചിമുറിയിൽ ഞായർ പുലർച്ചെ മൂത്രമൊഴിക്കാൻ എത്തിയ തടവുകാരനാണ് തൂങ്ങിയനിലയിൽ രാജേഷിനെ കണ്ടത്. ഉടുമുണ്ട് ഉപയോഗിച്ചാണ് കുരുക്കിട്ടതെന്ന് ജയിൽ അധികൃതർ പറഞ്ഞു.
12 വർഷം ഒരുമിച്ച് താമസിച്ചശേഷം ബന്ധത്തിൽനിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് വഴയില പെട്രോൾ പമ്പിനു സമീപം നന്ദിയോട് സ്വദേശി സിന്ധുവി (48)നെ രാജേഷ് വ്യാഴാഴ്ച വെട്ടിക്കൊന്നത്. 16നു പുലർച്ചെ ജില്ലാ ജയിലിൽ എത്തിച്ചതുമുതൽ ഇയാൾ അസ്വസ്ഥനായിരുന്നെന്ന് അധികൃതർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ബി ബ്ലോക്കിൽ രാജേഷടക്കം 30 വിചാരണത്തടവുകാർ ഉണ്ടായിരുന്നു. രാജേഷിന്റെ സെല്ലിൽ ഉള്ളവരുമായി തർക്കമോ സംഘർഷമോ ഉണ്ടായിട്ടില്ലെന്നും ജയിൽ അധികൃതർ പറഞ്ഞു.