തിരുവനന്തപുരം> സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും മറ്റ് പൊതുമേഖലാ ബാങ്കുകളെയും കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കുക എന്നതാണ് മോഡി സര്‍ക്കാരിന്റെ വികസന ലക്ഷ്യമെന്ന് മുന്‍ സംസ്ഥാന ധനകാര്യമന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.തോമസ് ഐസക്ക്. എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷന് (ബെഫി)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ ജാഥയുടെ സമാപന യോഗം തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
21 ദിവസം കൊണ്ട് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ശാഖകള്‍ സന്ദര്‍ശിച്ച ജീവനക്കാരോടും ഇടപാടുകാരോടും സംവദിച്ചു കൊണ്ടാണ് ജാഥാ സമാപിച്ചത്. സ്വകാര്യവല്‍ക്കരിക്കാതെ തന്നെ സ്വകാര്യ മേഖലയുടെ സ്വഭാവത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ മാറ്റുന്നത് എങ്ങിനെ എന്ന് തെളിയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സബ്സിഡയറികളെ ഉപയോഗിച്ച് കൊണ്ട് കാര്‍ഷിക വായ്പകള്‍ നല്‍കുന്നത് വഴി കര്‍ഷകരെ കൊളോണിയല്‍ കാലത്തെ വട്ടിപ്പലിശക്കാരുടെ അടിമകളാകുവാന്‍ വിധിക്കപ്പെട്ട കര്‍ഷകരുടെ നിലയിലേക്ക് അവരെ കൊണ്ട് പോകുന്നു. കൃഷി ഇറക്കുവാന്‍ വായ്പ നല്‍കുകയും കാര്‍ഷിക ഉത്പന്നങ്ങള്‍ കോര്‍പ്പറേറ്റുകളുടെ സബ്സിഡറികള്ക്ക് നല്കുവാനുള്ള കാരസ്യ വ്യവസ്ഥകള്‍ ഉണ്ടാക്കുന്നത് വഴി കൊള്ളപ്പലിശക്കാരുടെ റോള്‍ സബ്സിഡറികള്‍ ഏറ്റെടുക്കുന്നു.
രാജ്യത്തെ നിക്ഷേപങ്ങള്‍ സമാഹരിച്ച് ആവശ്യക്കാര്‍ക്ക് വായ്പ കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകള്‍ ദേശസല്ക്കരിക്കപ്പെട്ടത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി മുന്‍ഗണനാ വായ്പാ നിബന്ധനകള്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തി. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ നിബന്ധനകള്‍ പാലിക്കുവാന്‍ എസ്.ബി.ഐക്ക് കഴിയുന്നില്ല. അതിന് കാരണം സമാഹരിച്ച നിക്ഷേപങ്ങള്‍ വായ്പയായി നല്‍കുന്നതിന് പകരം കൂടുതല്‍ ലാഭം മുന്നില്‍ കണ്ട് ഇന്‍വെസ്റ്റ്മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാരണമാണ്.
എസ്.ബി.ഐബി കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കുക മാത്രമല്ല മൂലധനവും നല്‍കുകയാണ്. കോര്‍പ്പറേറ്റ് വായ്പകള്‍ എഴുതിതള്ളുന്നതിന് പകരം ബാങ്കുകളെ തന്നെ കോര്‍പ്പറേറ്റുകളെ ഏല്‍പ്പിച്ച് കൊടുക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തിന് റിസര്‍വ് ബാങ്ക് നിബന്ധനകള്‍ തടസം നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വ്യക്തികളുടെ പേരിലാണ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ കോര്‍പ്പറേറ്റുകള്‍ വാങ്ങിക്കൂട്ടുന്നത്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരായി ഉയരുന്ന പ്രക്ഷോഭങ്ങളെ വര്‍ഗീയത ഉപയോഗിച്ച് പരാജയപ്പെടുത്തുവാനുള്ള ശ്രമങ്ങളെ പൊതുബോധം ഉയര്‍ത്തിക്കൊണ്ട് വന്ന് തടയുവാന്‍ തൊഴിലാളികള്‍ നടത്തുന്ന ഇത്തരം കാമ്പയിനുകള്‍ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെഫി ദേശീയജനറല്‍ സെക്രട്ടറി ദേബഷിഷ് ബസു ചൗധരി മുഖ്യപ്രഭാഷണം നടത്തി. കുത്തകകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ബാങ്കുകള്‍ സബ്സിഡറികള്‍ ആരംഭിക്കുന്നത്. ഒരു ഘട്ടം എത്തുമ്പോള്‍ സബ്സിഡയറികളെ കോര്‍പ്പറേറ്റുകള്‍ക്ക് തന്നെ സമ്മാനിക്കും. ഐ.ഡി. ബി.ഐ ബാങ്കിന്റെ 51% ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്ക് അനുവദിക്കാന്‍ എന്ന നിബന്ധന സ്വകാര്യവല്‍ക്കരണം മാത്രമല്ല വിദേശവല്ക്കരണം കൂടിയാണ്. ഇത്തരം സാമ്പത്തിക നയങ്ങളെ ചെറുക്കുന്നതിനോടൊപ്പം അതിന് പിന്നിലെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു
എം എ അജിത് കുമാര്‍, (ജനറല്‍ സെക്രട്ടറി, FSETO), എന്‍ സനില്‍ബാബു (BEFI സംസ്ഥാന സെക്രട്ടറി),ജാഥാ മാനേജര്‍ ഡി. വിനോദ് കുമാര്‍, വൈസ് ക്യാപ്റ്റന്‍ എന്‍.നിഷാന്ത് എന്നിവര്‍ അഭിവാദ്യം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ സി.ജയരാജ് (എസ്.ബി.ഐ.ഐ.എഫ് ജനറല്‍ സെക്രട്ടറി) സ്വീകരണത്തിന് മറുപടി പറഞ്ഞു.
എസ്.ബി.ഐ.ഐ.എഫ് പ്രസിഡന്റ് അമല്‍ രവി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘാടക സമിതി ചെയര്മാന് പി.വി.ജോസ് സ്വാഗതം ആശംസിച്ചു. ബെഫി ജില്ലാ ജോ.സെക്രട്ടറി. ആര്.എസ്.അനൂപ് നന്ദി പറഞ്ഞു.
രാവിലെ എ. കെ.ജി സെന്ററിന് മുന്നിലെ എസ്.ബി.ഐ അഡ്മിനിസ്ട്രേറ്റിവ് ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച ജാഥ പി.വി.ജോസ് ഉദ്ഘാടനം ചെയ്തു.