കൊച്ചി
സാമൂഹ്യപ്രതിബദ്ധതയുള്ള ഗവേഷണങ്ങൾ ഉണ്ടാകണമെന്നും ഇതിന് ആവശ്യമായ എല്ലാ പ്രോത്സാഹനവും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൃഷി, ആരോഗ്യം തുടങ്ങി നാടിന്റെ വിവിധ മേഖലയിലെ പ്രശ്നപരിഹാരത്തിന് ഗവേഷണത്തിന്റെ ഫലമെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജ്ഞാന വിവർത്തന ഗവേഷണത്തിൽ (നോളജ് ട്രാൻസ്ലേഷൻ റിസർച്ച്) സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശിൽപ്പശാല കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവേഷണങ്ങൾ നാടിന് ആവശ്യമാണ്. ഈവർഷം 150 പേർക്ക് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് നൽകാൻ തീരുമാനിച്ചപ്പോൾ, 70 പേർക്കുമാത്രമേ അർഹത ലഭിച്ചുള്ളൂ. ഗവേഷണരംഗം കൂടുതൽ വിപുലമാകണമെന്നതിന്റെ സൂചനയാണിത്. കുറവുകൾ പരിഹരിച്ച് മുന്നോട്ടുപോകാൻ കഴിയണം. വ്യവസായസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കോഴ്സുകൾ വികസിപ്പിക്കണം. പഠനത്തിനൊപ്പം വ്യവസായങ്ങൾക്ക് ആവശ്യമായ തൊഴിൽനൈപുണ്യ പരിശീലനം നൽകാനുള്ള പദ്ധതികൾ ആരംഭിച്ചത് ഈ ലക്ഷ്യത്തോടെയാണ്.
ഉന്നതവിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായ പുരോഗതി നേടേണ്ടതുണ്ട്. ഈ മേഖലയിൽ കൂടുതൽ മികച്ച നിലവാരം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന് ശ്രമം ആരംഭിച്ചപ്പോൾത്തന്നെ ഫലം കണ്ടുതുടങ്ങി. സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നാക് അക്രഡിറ്റേഷൻ നിലയിലെ പുരോഗതി ഇതാണ് സൂചിപ്പിക്കുന്നത്.
മതനിരപേക്ഷത നിലനിൽക്കുന്ന നാടാണിത്. അതിന്റെ ഭാഗമായി കൂടുതൽ ശാസ്ത്രീയാഭിമുഖ്യം വളർത്തിയെടുക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഇതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും ഒരുവശത്ത് നടക്കുന്നുണ്ട്. അവയെ ചെറുത്തുതോൽപ്പിക്കേണ്ടത് മതനിരപേക്ഷതയിലൂന്നിയും ശാസ്ത്രീയാഭിമുഖ്യം വിപുലമാക്കിയുമാകണമെന്നും -മുഖ്യമന്ത്രി പറഞ്ഞു.