തിരുവനന്തപുരം
ആരോഗ്യ പ്രശ്നങ്ങൾകാരണം സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് വിർച്വൽ ക്ലാസ് റൂം പദ്ധതിയുമായി സമഗ്രശിക്ഷ കേരളം. ക്ലാസ് മുറിയിൽ 360 ഡിഗ്രി പോർട്ടബിൾ കാമറ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ വീട്ടിലിരുന്നുതന്നെ അധ്യാപകർക്കും സഹപാഠിക്കുമൊപ്പം ക്ലാസ് മുറിയിൽ ഇരിക്കുന്ന അനുഭവം വിദ്യാർഥികൾക്ക് ലഭിക്കും. കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകളുടെ വിജയമാണ് വിർച്വൽ ക്ലാസ് മുറിക്ക് ഊർജം പകർന്നത്. ക്ലാസ് ഡിജിറ്റലായി കാണുന്നതിനൊപ്പം സംവദിക്കാനുമുള്ള അവസരം ലഭിക്കും. കൂടാതെ, എസ്എസ്കെയുടെ ചങ്ങാതിക്കൂട്ടം പദ്ധതിയിലൂടെ പഠനേതര, കലാകായിക താൽപ്പര്യങ്ങളെയും തിരിച്ചറിഞ്ഞ് ക്ലാസിന്റെ ഭാഗമാക്കാൻ അവസരമൊരുക്കും. ക്ലാസ് മുടങ്ങിയാലും റെക്കോഡ് ചെയ്ത് സൂക്ഷിക്കാനും അധ്യാപകരോട് സംശയങ്ങൾ ചോദിക്കാനുമുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തും. വീട്ടിലൊരു ടാബോ സ്മാർട്ട്ഫോണോ 4ജി വൈഫൈ കണക്ടിവിറ്റിയും മാത്രമാണ് ആവശ്യമായി വരുന്നത്. സ്കൂൾതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ അധ്യാപകർ കാമറ മാറ്റിസ്ഥാപിക്കണം. ക്ലാസ്മുറിയിൽ കൃ-ത്യമായ വെളിച്ചം ഉറപ്പാക്കേണ്ട ചുമതലയും അധ്യാപകർക്കാണ്. ഫോൺ ഉൾപ്പെടെ പദ്ധതിക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ സമഗ്രശിക്ഷ കേരളം ഫണ്ട് അനുവദിക്കും.
ആദ്യഘട്ടം
336 വിദ്യാർഥികളിലേക്ക്
ആദ്യഘട്ടത്തിൽ 168 ബിആർസിയിൽനിന്ന് രണ്ടു കുട്ടികൾ വീതം 336 പേരെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. കൂടാതെ കോവിഡ് കാലത്ത് സ്മാർട്ട്ഫോൺ ലഭ്യമായിട്ടുള്ള വിദ്യാർഥികളെയും ഉൾപ്പെടുത്തും. പൂർണമായും കിടപ്പിലായ കുട്ടികളിൽ അക്കാദമിക പ്രവർത്തനം ഉൾക്കൊള്ളാൻ കഴിയുന്നവർക്കും പഠന താൽപ്പര്യമുള്ളവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമാണ് മുൻഗണന. ബിആർസി തലത്തിൽ എഇഒ, ബിപിസി ഇൻക്ലൂസീവ് എഡ്യൂക്കേഷൻ ചുമതലയുള്ള ട്രെയിനർ, സ്പെഷ്യൽ എഡ്യുക്കേറ്റർ, ജനപ്രതിനിധി എന്നിവരടങ്ങിയ കമ്മിറ്റിയാണ് വിദ്യാർഥിയെ തെരഞ്ഞെടുക്കുന്നത്. നിലവിൽ പൂർണ ചലനശേഷിയില്ലാത്ത വിദ്യാർഥികൾക്ക് ആഴ്ചയിലൊരിക്കൽ സ്പെഷ്യൽ എഡ്യുക്കേറ്റർ വീടുകളിലെത്തി പഠിപ്പിക്കുകയാണ്. ഇതിനൊപ്പം സ്കൂളിലെ ചങ്ങാതിക്കൂട്ടം പ്രതിനിധികളുടെ നേതൃ-ത്വത്തിൽ വീടുകളിൽ കൂട്ടായ്മയും സംഘടിപ്പിക്കാറുണ്ട്.