ശബരിമല
തീർഥാടനം സുഗമമാക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പ്രസക്തിയില്ലെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തീർഥാടകരുടെ എണ്ണത്തിലെ വർധന കണക്കാക്കി മുന്നൊരുക്കങ്ങൾ വകുപ്പുകൾ ആരംഭിച്ചിരുന്നു. എന്നാൽ, പ്രതീക്ഷിച്ചതിലും അധികം ആളുകളാണ് ദിവസവും ദർശനത്തിന് എത്തുന്നത്. ദിവസം ഒരു ലക്ഷത്തിലധികം തീർഥാടകർ എത്തുമ്പോൾ ദീർഘമായ ക്യു ഇവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിന് വേണ്ട ബദൽ സംവിധാനങ്ങൾ സ്വീകരിച്ചു. സംസ്ഥാനത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന തരത്തിലാകും പ്രവർത്തനം.
തീർഥാടകരുടെ എണ്ണം വെർച്വൽ ക്യു വഴി ദിവസം 90,000 എന്ന നിലയിലേക്ക് നിയന്ത്രിക്കും. മാത്രമല്ല, ക്യു കോംപ്ലക്സ്, ഫ്ളൈഓവർ എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. ക്യു നിൽക്കുന്ന തീർഥാടകർക്ക് ആഹാരം, വെള്ളം, മതിയായ ടോയ്ലെറ്റ് സൗകര്യം എന്നിവ ഉറപ്പാക്കും. തീർഥാടകരുടെ പ്രയാസം കുറയ്ക്കുന്നതിന് എല്ലാ നടപടിയും കാര്യക്ഷമമാക്കും. ആരോഗ്യവകുപ്പ് മികച്ച ഇടപെടലുകളാണ് നടത്തുന്നത്. ഇതുവരെ 19 ലക്ഷത്തിലധികം തീർഥാടകരാണ് എത്തിയത്. കെഎസ്ആർടിസിയുടെ ബസുകൾ പരിശോധനയ്ക്ക് ശേഷമാണ് സർവീസ് നടത്തുന്നത്. ആവശ്യമെങ്കിൽ വീണ്ടും പരിശോധിക്കാനും വകുപ്പിന് നിർദേശം നൽകി. തീർഥാടകരിൽ നിന്നും അമിത ചാർജ് ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.
6500 വാഹനങ്ങൾക്കാണ് ഇപ്പോൾ നിലയ്ക്കലിൽ പാർക്കിങ് സൗകര്യമുള്ളത്. കൂടുതൽ പാർക്കിങ് സെന്ററുകൾ കണ്ടെത്താൻ വനം വകുപ്പിനോട് സഹായം തേടി. നിലവിലുണ്ടായ പ്രയാസങ്ങൾക്ക് അതത് വകുപ്പുകൾ സ്പോട്ടിൽ തന്നെ പരിഹാരമുണ്ടാക്കും.റവന്യുവകുപ്പിന്റെ നേതൃത്വത്തിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്ന് റവന്യുമന്ത്രി കെ രാജനും പറഞ്ഞു.പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. വിശുദ്ധി സേനയുടെ മികച്ച സേവനമാണ് പമ്പ, സന്നിധാനം, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലായി നടത്തുന്നത്.
തീർഥാടനപാതയിലെ 32 പഞ്ചായത്തുകൾക്കും ആറു മുനിസിപ്പാലിറ്റികൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി തുക അനുവദിച്ചിട്ടുണ്ടെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് പറഞ്ഞു. റാന്നി-പെരുനാട് പഞ്ചായത്തിൽ ഇൻഫർമേഷൻ സെന്റർ ആരംഭിക്കും. ലൈഫ് ഗാർഡുകൾ, ലൈഫ് ജാക്കറ്റുകൾ, തെരുവുവിളക്കുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.