ദോഹ
ഖത്തറിലേത് മഹത്തായ ലോകകപ്പാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ‘സംഘാടനംകൊണ്ടും ആരാധകപിന്തുണയാലും അറബ് രാജ്യം വിസ്മയിപ്പിച്ചു. ആവേശം നിറഞ്ഞ മത്സരങ്ങളും ലോകോത്തര ഗോളുകളും ഈ ലോകകപ്പിന്റെ സവിശേഷതയായി’–-ഇൻഫാന്റിനോ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കളത്തിൽ ടീമുകളോട് നീതിപുലർത്തിയെന്നും, പരിക്കുസമയമായി 10 മിനിറ്റോളം അനുവദിച്ചത് ഇതിന്റെ ഭാഗമാണെന്നും ഫിഫ തലവൻ പറഞ്ഞു. എല്ലാവരും പൂർണ സംതൃപ്തരാണ്. ആർക്കും പരാതികളില്ല. 2026 ലോകകപ്പിലെ ഘടനയെക്കുറിച്ച് ഫിഫ പരിശോധിച്ചുവരികയാണെന്നും ഇൻഫാന്റിനോ അറിയിച്ചു. 48 ടീമുകളുണ്ടാകും. നാലുവീതം ടീമുകൾ ഉൾപ്പെടുന്ന 12 ഗ്രൂപ്പ് വേണമോ, മൂന്നുവീതം ഉൾക്കൊള്ളുന്ന 16 ഗ്രൂപ്പ് വേണമോ എന്ന കാര്യത്തിലാണ് അനിശ്ചിതത്ത്വമെന്നും ഇൻഫാന്റിനോ പറഞ്ഞു.