തൃക്കാക്കര> പരസ്പരം അഴിമതി ആരോപിച്ച് കോൺഗ്രസ് പ്രതിനിധിയായ നഗരസഭാ അധ്യക്ഷയും ലീഗ് കൗൺസിലറും തൃക്കാക്കര നഗരസഭാ കൗൺസിലിൽ കൊമ്പുകോർത്തു. അജൻഡകൾ ചർച്ചകളില്ലാതെ പാസാക്കി കൗൺസിൽ പിരിഞ്ഞു.
വ്യാഴാഴ്ച കൗൺസിൽ തുടങ്ങിയ ഉടൻ, തന്റെ വാർഡിലെ പ്രാഥമികാരോഗ്യകേന്ദ്രം നിർമാണ അജൻഡ നഗരസഭാ അധ്യക്ഷ ഇടപെട്ട് മാറ്റിയതിനെതിരെ ലീഗ് അംഗം സജീന അക്ബർ പ്രതിഷേധമുയർത്തി.
പ്രതിഷേധം കനത്തതോടെ ലീഗ് അംഗത്തിന്റെ ഭർത്താവിനെതിരെ അഴിമതിയാരോപണവുമായി നഗരസഭാ അധ്യക്ഷ രംഗത്തെത്തി. പ്രാഥമികാരോഗ്യകേന്ദ്രം നിർമിക്കാൻ വന്ന കരാറുകാരനോട് ലീഗ് അംഗത്തിന്റെ ഭർത്താവ് രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് നിർമാണം നിലച്ചതെന്നും അഴിമതിക്കായാണ് വീണ്ടും പ്രാഥമികാരോഗ്യകേന്ദ്രം നിർമാണാവശ്യം കൗൺസിലർ ഉന്നയിക്കുന്നതെന്നും അധ്യക്ഷ പറഞ്ഞു.
കരാർജോലി ഏറ്റെടുത്ത് ചെയ്യുന്ന ഭർത്താവിനെ സഭയിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് സജീന പറഞ്ഞു. നഗരസഭാ അധ്യക്ഷയുടെ ഭർത്താവ് വാഴക്കാലയിലെ സ്വർണക്കടയിൽനിന്ന് പണം ആവശ്യപ്പെടുന്നതിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്നും പറഞ്ഞു. ഭരണകക്ഷിയിലെ അംഗങ്ങൾ പരസ്പരം അഴിമതിയാരോപണം ഉന്നയിച്ചപ്പോൾ, അഴിമതിക്കാരായ രണ്ടുപേരും രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.
ഭരണമുന്നണിയിലെ കൗൺസിലർക്കെതിരെ അഴിമതി ഉന്നയിച്ച അധ്യക്ഷ, അംഗത്തിന്റെ രാജി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ചു. ബഹളത്തിനിടെ സജീന അക്ബർ നടുത്തളത്തിലിറങ്ങി അധ്യക്ഷയുടെ ഡയസിനുമുന്നിൽ കുത്തിയിരുന്നു. സജീനയുടെ ആവശ്യം കൗൺസിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ അജൻഡകൾ പാസാക്കി കൗൺസിൽ പിരിച്ചുവിട്ടു.
കൗൺസിൽ പിരിഞ്ഞശേഷം യുഡിഎഫ് കൗൺസിലർ അബ്ദു ഷാന മിനുട്സിൽ ഒപ്പുവച്ചത് ക്രിമിനൽ കുറ്റമാണെന്നും നടപടി വേണമെന്നും പ്രതിപക്ഷ ഉപനേതാവ് എം ജെ ഡിക്സൺ ആവശ്യപ്പെട്ടു. തൃക്കാക്കര നഗരസഭാ ഭരണപക്ഷം അഴിമതിക്ക് നേതൃത്വം കൊടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു ആരോപിച്ചു.