കോലഞ്ചേരി> ബിജെപിയുടെയും ആർഎസ്എസിന്റെയും വിനീതദാസനും ഏജന്റുമാണ് കിറ്റെക്സ് എംഡിയും ട്വന്റി 20 കോ–-ഓർഡിനേറ്ററുമായ സാബു എം ജേക്കബ്ബെന്ന് സിപിഐ എം ഏരിയ സെക്രട്ടറി സി കെ വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിക്കും സിപിഐ എമ്മിനും എംഎൽഎക്കുമെതിരെ നിരന്തരം ആക്ഷേപങ്ങൾ ചൊരിയുന്ന സാബു എം ജേക്കബ് കേന്ദ്രഭരണത്തിനെതിരെ ഒരക്ഷരം ഉരിയാടാറില്ല. ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണ് സാബു എം ജേക്കബ്. ജനാധിപത്യ സംവിധാനത്തെയും ജനപ്രതിനിധികളെയും സർക്കാരിനെയും അവഹേളിക്കുന്ന ഇദ്ദേഹത്തിന്റെ നടപടികളെ സിപിഐ എം തുറന്നെതിർക്കും.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ സാബു എം ജേക്കബ്ബിനും ട്വന്റി -20ക്കും വിഭ്രാന്തിയിളകിയിരിക്കുകയാണ്. പി വി ശ്രീനിജിൻ എംഎൽഎയെ നിരന്തരം അപമാനിക്കുന്നത് ഇതുമൂലമാണ്. ട്വന്റി -20 ജനപ്രതിനിധികളെ അടിമകളാക്കിവച്ചാണ് പ്രവർത്തിക്കുന്നത്. വിലങ്ങ് എൽപി സ്കൂളിലും മലയിടംതുരുത്ത് സ്കൂളിലുമെല്ലാം സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങൾ തന്റെ നേട്ടമായി ചിത്രീകരിക്കുന്ന ഇദ്ദേഹത്തിന്റെ നീക്കം അപഹാസ്യമാണ്. തങ്ങൾക്കുകീഴിലുള്ള നിർമാണപ്രവർത്തനങ്ങളെല്ലാം പി എം എബ്രഹാം എന്ന ബിനാമി കരാറുകാരനെ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇയാളുടെ അനാസ്ഥയാണ് കിഴക്കമ്പലം–-പോഞ്ഞാശേരി റോഡിന്റെ നിർമാണം തടസ്സപ്പെടാൻ കാരണം. മനോവിഭ്രാന്തി വെടിഞ്ഞ് ജനാധിപത്യ വ്യവസ്ഥിതിയെ അംഗീകരിക്കാൻ സാബു എം ജേക്കബ് തയ്യാറാകണമെന്നും സി കെ വർഗീസ് പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം കെ കെ ഏലിയാസ് പങ്കെടുത്തു.