ചോക്കാട്> ഗുണഭോക്താക്കളിൽനിന്ന് കമീഷൻ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്നുള്ള ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്ത് രാജിവച്ചു. സിപിഐ എം നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിഷേധത്തെ തുടർന്നാണ് രാജി. പഞ്ചായത്തിലെ വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണംചെയ്യാൻ കമീഷൻ വാങ്ങിയെന്ന ചൂരപ്പിലാൻ ഷൗക്കത്തിന്റെ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തുടർന്ന് സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് സിപിഐ എം നേതൃത്വം നിലപാടെടുത്തു. വിവിധ ബ്രാഞ്ചുകളിൽ പോസ്റ്റർ പ്രചാരണവും തുടർദിവസങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ, ജനപ്രതിനിധികളുടെ ഉപവാസ സമരം, സായാഹ്ന ധർണ തുടങ്ങിയ സമരങ്ങളും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് രാജി.
ജനപ്രതിനിധിയെന്നനിലയ്ക്ക് സത്യപ്രതിജ്ഞാലംഘനം നടത്തിയ ചൂരപ്പിലാൻ ഷൗക്കത്ത് മെമ്പർ സ്ഥാനംകൂടി രാജിവയ്ക്കണമെന്ന് സിപിഐ എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഓംബുഡ്സ്മാൻ, വിജിലൻസ് അടക്കമുള്ള അന്വേഷണ ഏജൻസികളെ സമീപിക്കാനാണ് തീരുമാനമെന്ന് സിപിഐ എം ചോക്കാട് ലോക്കൽ സെക്രട്ടറി കെ ടി മുജീബ് പറഞ്ഞു.