ചാരുംമൂട് > കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച യുവതിയേയും ഇവർക്ക് കള്ളനോട്ട് നൽകിയ പഞ്ചായത്ത് മുൻ പ്രസിഡന്റിനേയും നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. താമരക്കുളം പേരൂർ കാരാണ്മ അക്ഷയ് നിവാസിൽ ലേഖ (38), കൊല്ലം ഈസ്റ്റ് കല്ലട പത്താം വാർഡിൽ കൊടുവിള മുറിയിൽ ക്ലീറ്റസ് (45) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. ഈസ്റ്റ് കല്ലട മുൻ പഞ്ചായത്ത് പ്രസിഡന്റാണ് ക്ലീറ്റസ്.
ചാരുംമൂട്ടിലുള്ള ചോയ്സ് സൂപ്പർ മാർക്കറ്റിൽനിന്ന് സാധനം വാങ്ങിയ ലേഖ 500 രൂപ നോട്ട് നൽകി. സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് പരിശോധനയിൽ ലേഖയുടെ പേഴ്സിൽനിന്ന് 500 രൂപയുടെ കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തി. പേരൂർകാരാണ്മയിലുള്ള ലേഖയുടെ വീട് പരിശോധിച്ചപ്പോളും 500 രൂപയുടെ വ്യാജനോട്ടുകൾ ലഭിച്ചു.
10,000 രൂപ വീതമുള്ള 500 രൂപയുടെ കള്ളനോട്ടുകളാണ് ക്ലീറ്റസ് ലേഖക്ക് നൽകിയിരുന്നത്. കഴിഞ്ഞ ഒരുമാസമായി ചാരുംമൂട്ടിലും പരിസരപ്രദേശത്തുമുള്ള കടകളിലെത്തി ചെറിയ തുകക്കുള്ള സാധനങ്ങൾ വാങ്ങുകയായിരുന്നു ലേഖയുടെ പതിവ്. കള്ളനോട്ടുകൾ മാറാൻ ക്ലീറ്റസ് ഉപയോഗപ്പെടുത്തിയത് പ്രധാനമായും ലേഖയെയായിരുന്നു. സൂക്ഷ്മമായി നോക്കിയാൽ മാത്രമേ ഈ വ്യാജനോട്ടുകൾ തിരിച്ചറിയാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
നിരവധി കേസുകളിൽ പ്രതിയായ ക്ലീറ്റസ് ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷൻ, പൊലീസിനെ ആക്രമിക്കൽ, പട്ടികജാതി പീഡനം, വീടുകയറിയുള്ള അതിക്രമം എന്നീ കേസുകളിൽ പ്രതിയാണ്. സിപിഐ പ്രതിനിധിയായാണ് പഞ്ചായത്ത് പ്രസിഡണ്ടായതെങ്കിലും ഒട്ടേറെ ആരോപണങ്ങളെ തുടർന്ന് ക്ലീറ്റസിനെ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് 2019 ൽ നീക്കിയിരുന്നു.ജലസേചന വകുപ്പിലെ വനിതാ ജീവനക്കാരിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതടക്കമുള്ള ആരോപണങ്ങൾ ക്ലീറ്റസിനെതിരെ അന്ന് ഉയർന്നിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ പി ശ്രീജിത്ത്, എസ് ഐമാരായ നിതീഷ്, രാജീവ്, ജൂനിയർ എസ് ഐ ദീപു പിള്ള, എഎസ്ഐ പുഷ്പൻ, സിപിഒ മാരായ ഷാനവാസ്, രഞ്ജിത്, വിഷ്ണു എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.