കൊച്ചി> പൊതു വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും കേരളം നേടിയ പുരോഗതി വളരെ മികച്ചതാണെന്നും ആ നേട്ടം ഗവേഷണമേഖലയിലും കെെവരിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജ്ഞാനവിവർത്തന ഗവേഷണത്തിനുള്ള ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഗവേഷണ രംഗത്തെ നേട്ടങ്ങൾ ആരോഗ്യ കാർഷിക മേഖലകളിൽ ഉപയോഗിക്കാൻ കഴിയുമ്പോഴാണ് അത് നാടിന് ഗുണകരമാകുന്നതെന്നും കുസാറ്റിൽ നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയിൽ നാടിന്റെ പ്രത്യേകത എത്രത്തോളമാണ് എന്ന് കഴിഞ്ഞ കോവിഡിന്റെ വലിയ വ്യാപനം നടന്നപ്പോൾ ലോകത്തിന് തന്നെ ബോധ്യമായ കാര്യമാണ്. വികസിത രാഷ്ട്രങ്ങൾ പലതും കോവിഡിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്ന ഘട്ടങ്ങളിൽ നാം ഒരുക്കിയ സൗകര്യങ്ങൾ മികച്ചവയായിരുന്നു. വികസിത രാഷ്ട്രങ്ങളിൽ അടക്കം രോഗികൾ ചെല്ലുമ്പോൾ വെൻറിലേറ്ററും മറ്റും ഒഴിവില്ലാത്ത സാഹചര്യം ഉണ്ടായിരുന്നു. അത്തരം ഒരു ഘട്ടം നമുക്ക് വേണ്ടിവന്നില്ല. ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യമേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ഗുണം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളടക്കം നാടിന്റെ സർവ്വതല സ്പർശിയായ വികസനത്തിന് ഒപ്പം നിന്നു. നവകേരളം സൃഷ്ടിക്കുന്നതിന് നാം നടത്തിയ ശ്രമങ്ങൾ എല്ലാം ആരോഗ്യ , വിദ്യഭ്യാസ മേഖലയ്ക്ക് കരുത്തായി.
പൊതു വിദ്യാഭ്യാസ യജ്ഞം നല്ല നിലയിൽ പോകുന്നു. നമ്മുടെ കുട്ടികൾ വിദേശങ്ങളിലേക്കടക്കം പഠിക്കാൻ പോകുന്നത് വലിയ ചർച്ചയായിട്ടുണ്ട് ഇപ്പോൾ . പരിഹാരം കാണാൻ ശ്രമിക്കേണ്ട പ്രശ്നമാണത്. മികച്ച സ്ഥാപനങ്ങൾ തേടിയാണ് കുട്ടികൾ പോകുന്നത്. അപ്പോൾ അത്തരത്തിലുള്ള മികവ് നേടാൻ നമ്മുടെ സ്ഥാപനങ്ങൾക്കും കഴിയണം. അതിനുള്ള ശ്രമങ്ങൾ വിജയിച്ചു തുടങ്ങിയതാണ് നാക് അക്രഡിറ്റേഷനിലും മറ്റും അടുത്തിടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേടിയ നല്ല റാങ്കുകൾ.
ആ നിലയിൽ ഗവേഷണ രംഗം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മാറാൻ കഴിയണം. പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് 500 ർക്ക് നൽകാൻ കഴിയണം എന്നാണ് സർക്കാർ ആഗ്രഹിച്ചത്. എന്നാൽ 150 പേരിലേക്ക് നൽകാനായി ശ്രമിച്ചു. എന്നാൽ 70 പേരെ മാത്രമെ കണ്ടെത്താൻ കഴിഞ്ഞുള്ളു. ഇന്നുള്ള കറവുകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.