പമ്പ
ശബരിമലയിലെത്തുന്ന മുതിർന്ന സ്ത്രീകൾക്കും പത്ത് വയസ്സില്താഴെയുള്ളവർക്കും സംഘത്തിനും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ സജ്ജീകരിക്കും. ഇവർക്ക് വെള്ളവും ലഘുഭക്ഷണവും നല്കും. തീര്ഥാടകര്ക്ക് സുഗമമായി പതിനെട്ടാംപടി കയറാനും കൂടുതല് സംവിധാനമൊരുക്കാനും മന്ത്രിമാർ പങ്കെടുത്ത അവലോകന യോഗം തീരുമാനിച്ചു.
ആവശ്യമെങ്കിൽ കൂടുതല് പൊലീസിനെയും നിയോഗിക്കും. കാനനപാതയിലും കൂടുതൽ സൗകര്യം ഒരുക്കും. വിവിധ വകുപ്പുകള് പ്രത്യേകയോഗം ചേർന്ന് പോരായ്മകൾ പരിഹരിക്കും.വാഹന പാർക്കിങ്ങിന് കൂടുതൽ സ്ഥലവും നിലയ്ക്കലിലെ പാര്ക്കിങ് കേന്ദ്രത്തില് കൂടുതല് ജീവനക്കാരെയും നിയോഗിക്കും.
കെഎസ്ആർടിസി ബസ് സീറ്റിങ് കപ്പാസിറ്റിയില് കൂടുതല് നിര്ത്തി കൊണ്ടുപോകില്ലെന്ന് ഉറപ്പാക്കും. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്ന കെഎസ്ആര്ടിസി ബസുകൾ നേരെ പമ്പയിലേക്ക് വരാനും സൗകര്യമൊരുക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വ്യാഴാഴ്ച ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്, റവന്യൂ മന്ത്രി കെ രാജന്, തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്, ദേവസ്വംബോര്ഡ് പ്രസിഡന്റ് കെ അനന്തഗോപന് എന്നിവരുടെ സാന്നിധ്യത്തിൽ പമ്പയിൽ യോഗം ചേർന്നത്. ശബരിമല തീർഥാടകർക്ക് സുഗമ ദർശനത്തിന്, പോരായ്മകളുണ്ടെങ്കില് ഉടൻ പരിഹരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. നിലവിൽ തീർഥാടകർക്ക് പമ്പയിലും സന്നിധാനത്തും എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വെർച്വൽ ക്യൂ വഴിയല്ലാത്തവരെ
നിയന്ത്രിക്കണം
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാത്തവരെ ശബരിമല സന്നിധാനത്തേക്ക് കടത്തിവിടുന്നത് പരമാവധി നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. ദർശനം വെർച്വൽ ക്യൂവോ സ്പോട്ട് ബുക്കിങ്ങോ വഴിയാക്കണം. ഈവർഷം ഇതുവരെ 1.19 ലക്ഷം തീർഥാടകർ ബുക്കിങ്ങില്ലാതെ ദർശനം നടത്തിയിട്ടുണ്ടെന്ന ദേവസ്വം ബോർഡിന്റെ വിശദീകരണത്തിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ശബരിമലയിലെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ശബരിമലയിലെ തിരക്കുസംബന്ധിച്ച് സ്പെഷ്യൽ കമീഷണർ നൽകിയ റിപ്പോർട്ടിൽ സർക്കാർ, ദേവസ്വം ബോർഡ്, ചീഫ് പൊലീസ് കോ–-ഓർഡിനേറ്റർ, കെഎസ്ആർടിസി തുടങ്ങിയവയുടെ വിശദീകരണം തേടി. കെഎസ്ആർടിസി ബസിൽ തീർഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതടക്കം വിഷയങ്ങൾ വെള്ളിയാഴ്ച പരിഗണിക്കും. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എല്ലാ സീസണിലും പ്രീ പെയ്ഡ് ടാക്സി കൗണ്ടർ തുടങ്ങുന്നതിൽ റെയിൽവേയുടെ നിലപാടും തേടി.
നിലക്കലിലെ 16 പാർക്കിങ് കേന്ദ്രങ്ങളിൽ പരമാവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. അതിനുള്ള ക്രമീകരണങ്ങൾ തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. പത്തനംതിട്ട കലക്ടറും ശബരിമല സ്പെഷ്യൽ കമീഷണറുമായി ആലോചിച്ച് ക്രമീകരണം ഒരുക്കണം. പാർക്കിങ് കേന്ദ്രങ്ങളിൽ ആവശ്യത്തിന് ജോലിക്കാരുണ്ടെന്ന് ഉറപ്പാക്കണം. വാഹനങ്ങളുടെ നിയന്ത്രണത്തിൽ ഫലപ്രദമായ നടപടിയില്ലെങ്കിൽ മറ്റു മാർഗങ്ങൾ നോക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.
സന്നിധാനംമുതൽ ശബരിപീഠംവരെ തീർഥാടകർക്ക് ചുക്കുകാപ്പിയും ബിസ്കറ്റും നൽകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പ്രായമായവർ, ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ എന്നിവർക്കായി ദർശനത്തിന് പ്രത്യേക ക്യൂ സജ്ജീകരിക്കും. നിലക്കലിലേക്ക് വെള്ളമെത്തിക്കാൻ ടാങ്കർ യഥേഷ്ടം കൊണ്ടുപോകാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ആവശ്യത്തിന് വെള്ളമുണ്ടെന്ന് കലക്ടർ ഉറപ്പുവരുത്തണം.