തിരുവനന്തപുരം> ദേശീയപാത വികസനം സംബന്ധിച്ച് പ്രശ്നങ്ങൾക്ക് സംസ്ഥാനവുമായി ആലോചിച്ച് പരിഹാരം കണ്ടെത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാനത്ത് 45,536 കോടി രൂപയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ദേശീയ പാതയ്ക്കുള്ള ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം നൽകുന്നതിനുള്ള ബുദ്ധിമുട്ട് മനസിലാക്കുന്നു. കേന്ദ്രത്തിന്റെ ചില നിർദേശങ്ങൾ അംഗീകരിച്ചാൽ സ്ഥലം ഏറ്റെടുപ്പിനുള്ള പണം സംസ്ഥാനത്തിൽ നിന്ന് ഈടാക്കില്ല. ദേശീയപാതയ്ക്കായി സർക്കാർ ഭൂമി സൗജന്യമായി വിട്ടുനൽകുക, കമ്പിക്കും സിമന്റിനുമുള്ള സംസ്ഥാന ജിഎസ്ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ സംസ്ഥാനം അംഗീകരിക്കണം.
സംസ്ഥാനത്തിന്റെ സഹകരണത്തോടെ 2025 ഓടെ 3 ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. ഭൂമി ഏറ്റെടുക്കലിലും നിർമാണത്തിലും സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ച പിന്തുണ വളരെ വലുതാണെന്നും കേരളം ലോകത്തിലെ തന്നെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണെന്നും ഗഡ്കരി പറഞ്ഞു.















